മൂക്കുകുത്തി വെളിച്ചെണ്ണ വില

Saturday 09 May 2026 12:03 AM IST

തേങ്ങ ,കൊപ്ര വിലയിലും ഇടിവ്

തിരുവനന്തപുരം: ഒരു വർഷത്തിലേറെ വിപണിയിൽ തിളച്ചുമറിഞ്ഞ വെളിച്ചെണ്ണ വില കുത്തനെ ഇടിഞ്ഞു. വിവിധ ബ്രാൻഡുകളിലെ വെളിച്ചെണ്ണ കിലോഗ്രാമിന് 210 മുതൽ 260 രൂപവരെയാണ് താഴ്ന്നു. കല്പകേര എന്ന ബ്രാൻഡിന് 210 രൂപയാണ് വില. 2025 ജൂലായിൽ 550 രൂപവരെ ഉയർന്ന വെളിച്ചെണ്ണ വിലയിൽ കഴിഞ്ഞമാസമാണ് ഇടിവ് തുടങ്ങിയത്. ഏപ്രിൽ അവസാനത്തിൽ വെളിച്ചെണ്ണ വില കിലോയ്ക്ക് 260 രൂപ വരെയായി കുറഞ്ഞു. 529 രൂപ വരെ വർദ്ധിച്ച കേര വെളിച്ചെണ്ണയ്ക്ക് 325 രൂപയാണ് ഇപ്പോൾ വില.

കൊപ്ര, തേങ്ങവിലയിലും വലിയ ഇടിവുണ്ട്. പച്ചത്തേങ്ങ വില കിലോഗ്രാമിന് 80-85 ൽനിന്ന് 40-45 രൂപയിലേക്ക് കുറഞ്ഞു. ഉണക്കത്തേങ്ങ വില 52 രൂപയായി. കൊപ്രയ്ക്ക് 150 രൂപയിൽ താഴെയായി.എട്ടുമാസത്തിനിടെ പച്ച തേങ്ങയ്‌ക്ക് 40 രൂപ വരെ കുറഞ്ഞു.

തമിഴ്നാട്ടിലടക്കം തേങ്ങയുടെ ഉത്പാദനം വർദ്ധിച്ചതിനൊപ്പം പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഗൾഫിലേക്കുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിലച്ചതും വിലയിടിവിന് ആക്കം കൂട്ടി.

ഉത്പാദനം ഉയരുന്നു

ഇത്തവണ ചൂട് കൂടിയതിനാൽ തേങ്ങ പെട്ടെന്ന് വിളഞ്ഞതും അധിക ഉണക്ക് ഭയന്ന് കർഷകർ വിറ്റുതീർത്തതും വില കുറയാൻ ഇടയാക്കിയെന്ന് കർഷകർ പറയുന്നു .തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ കാങ്കയത്താണ് ഏറ്റവും കൂടുതൽ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത് . കൊപ്രയുടെ വരവ് കൂടിയതോടെ വെളിച്ചെണ്ണ വിപണിയിൽ വലിയ വിലത്തകർച്ചയാണ് ഇവിടെ ഉണ്ടായത്.

ഉപഭോക്താക്കൾക്ക് ആശ്വാസമില്ല അതേസമയം വെളിച്ചെണ്ണയ്‌ക്കുണ്ടായ വിലക്കുറവ് പലയിടത്തും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. നാളികേര കർഷകന് വിലകുറച്ചു നൽകുന്ന കച്ചവടക്കാർ, പക്ഷെ തേങ്ങ വാങ്ങാൻ എത്തുന്നവർക്ക് ഈ വിലക്കുറവ് അനുവദിക്കുന്നില്ലെന്നുമാണ് പരാതി.

തേങ്ങ വില(ഒന്നിന്)

50 മുതൽ 60 രൂപയിൽ