തുറക്കാതെ ഹൈഡ്രജൻ സ്റ്റേഷൻ, ഓടാതെ സിയാലിന്റെ ബസുകൾ

Saturday 09 May 2026 12:04 AM IST

നെടുമ്പാശേരി: സിയാലും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബി.പി.സി.എൽ) നെ‌ടുമ്പാശേരിയിൽ 30 കോടി രൂപയിലധികം ചെലവിട്ട് സ്ഥാപിച്ച ഹരിത ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ഒരു വർഷമായി പ്രവർത്തനം ആരംഭിച്ചില്ല. സംസ്ഥാനത്തെ ആദ്യ ഹരിത ഹൈഡ്രജൻ സ്റ്റേഷനാണിത്. ആറ് മാസം മുമ്പ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) ലൈസൻസ് ലഭിച്ചെങ്കിലും ഉദ്ഘാടനം നടന്നില്ല.

2024 ഫെബ്രുവരിയിലാണ് ഒരു വർഷത്തിനകം പദ്ധതി പൂർത്തികരിക്കുമെന്ന വ്യവസ്ഥയിൽ ബി.പി.സി.എല്ലും സിയാലും കരാറിലെത്തിയത്. പൂനെ ആസ്ഥാനമായ സോപാൻ ഒ ആൻഡ് എം കമ്പനി പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണകരാർ. ആദ്യ അഞ്ച് വർഷത്തെ നടത്തിപ്പും ഇവർക്കാണ്. സ്ഥലം,വൈദ്യുതി,വെള്ളം തുടങ്ങിയവ സിയാലിനാണ്. സിയാൽ 30 സീറ്റുകളുള്ള മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ വാങ്ങിയിയിട്ടും ഓടിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇതോടെ സംജാതമായത്. 2.90 കോടി രൂപയാണ് ഒരു ബസിന്റെ വില.

ഗ്രീൻ ഹൈഡ്രജൻ

പ്രകൃതി സൗഹൃദ ഇന്ധനമാണ് ഗ്രീൻ ഹൈഡ്രജൻ. ഇലക്ട്രോളിസിസ് പ്രക്രിയയിലൂടെ ജലം വിഘടിപ്പിച്ചാണ് ഹൈഡ്രജൻ ഉണ്ടാക്കുന്നത്. ആദ്യഘട്ടത്തിൽ ദിവസേന 220 കിലോ ഹൈഡ്രജൻ ഉത്പാദിപ്പിക്കാം. ഹൈഡ്രജൻ വാഹനങ്ങളിൽ നിന്നു പുറത്തുവരുന്നത് വെള്ളം മാത്രമായതിനാൽ അന്തരീക്ഷ മലിനീകരണമില്ല.

വിമാനത്താവളത്തിലെ ആദ്യ പ്ലാന്റ്

പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമായ സിയാലിന്റെ ചരിത്രനേട്ടമാണ് ഹൈഡ്രജൻ പ്ളാന്റ്. ലോകത്ത് ആദ്യമായാണ് വിമാനത്താവളത്തിൽ ഹരിത ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ സ്ഥാപിച്ച് ബസുകൾ ഇറക്കിയത്.