ബംഗാളിന്റെ രാഷ്ട്രീയ ഭൂമിക മാറ്റിയെഴുതിയ സുവേന്ദു

Saturday 09 May 2026 12:18 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തുമ്പോൾ സുവേന്ദു അധികാരിക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ആകെയുള്ള 294 സീറ്റിൽ 207 എണ്ണവും കരസ്ഥമാക്കിയാണ് സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാവുന്നത്. ബംഗാളിന്റെ രാഷ്ട്രീയ ഭൂമികയെയാണ് അവിവാഹിതനായ സുവേന്ദു മാറ്റിയെഴുതിയത്. 2021ൽ സുവേന്ദു പ്രതിപക്ഷ നേതാവാകുമ്പോൾ, പാർട്ടിക്ക് 77 സീറ്റായിരുന്നു. നിയമസഭയ്‌ക്കകത്തും പുറത്തും മമത സർക്കാരിനെതിരെയുള്ള കരുത്തുറ്റ ശബ്‌ദമായി. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ചു. തെരുവിൽ തൃണമൂലുകാരെ നേരിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ആശീർവാദം ആവോളമുണ്ടായിരുന്നു. രണ്ടു തവണയാണ് മമതയെ തറപറ്രിച്ചത്. 2021ലെ നന്ദിഗ്രാമിലെ ഹൈ വോൾട്ടേജ് പോരാട്ടത്തിൽ ആദ്യം പരാജയപ്പെടുത്തി. അന്ന് ഭബാനിപൂരിൽ ജയിച്ചാണ് മമത മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. ഇത്തവണ ഭബാനിപൂരിൽ 15000ൽപ്പരം വോട്ടുകൾക്ക് മമതയെ വീഴ്‌ത്തി. മമതയുടെ ന്യൂനപക്ഷ പ്രീണനവും കുടിയേറ്റ വിഷയവും അടക്കം ഉയർത്തി വ്യാപക പ്രചാരണമാണ് ബി.ജെ.പി നടത്തിയത്.

അന്ന് മമതയുടെ വിശ്വസ്‌തൻ

കോൺഗ്രസ് പ്രവ‌ർത്തകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1995ൽ കാന്തി മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് ടിക്കറ്റിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 1998ൽ തൃണമൂൽ കോൺഗ്രസിലേക്ക്. ബംഗാളിലെ 34 വർഷത്തെ ഇടതു ഭരണം അവസാനിച്ചതിൽ നിർണായകമായ നന്ദിഗ്രാം സമരത്തിന് നേതൃത്വം നൽകിയത് സുവേന്ദുവാണ്. 2011ൽ തൃണമൂൽ ബംഗാളിൽ അധികാരത്തിലെത്തിയപ്പോൾ മമതയുടെ വലംകൈയായി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, സി.പി.എമ്മിന്റെ ലക്ഷ്മൺ സേത്തിനെ 1.7 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2014ൽ ഇതേ സീറ്റ് നിലനിർത്തി. 2016ൽ നന്ദിഗ്രാം നിയമസഭാ സീറ്റിൽ ജയിച്ച് മമത സർക്കാരിൽ ഗതാഗത വകുപ്പ് മന്ത്രിയായി. മമത തന്റെ മരുമകൻ അഭിഷേക് ബാനർജിയെ പാർട്ടിയിലെ രണ്ടാമനായി ഉയർത്തുന്നതിൽ നിരാശനായ സുവേന്ദു 2020ൽ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നു. ശാരദാ ചിട്ടി ഫണ്ട് അഴിമതി കേസിൽ സുവേന്ദുവിനെ സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു.