വിഴിഞ്ഞം തുരങ്ക റെയിൽ ടെൻഡർ നീളുന്നു

Saturday 09 May 2026 12:00 AM IST

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5കി.മീറ്റർ തുരങ്ക റെയിൽപ്പാതയുടെ ടെൻഡർ നീളുന്നു.2024നവംബറിൽ റെയിൽപ്പാതയുടെ നിർമ്മാണത്തിനായി അന്താരാഷ്ട്ര കൺസൾട്ടന്റിനെ നിയമിക്കാനും നിർമ്മാണച്ചുമതല കൊങ്കൺ റെയിൽവേയെ ഏൽപ്പിക്കാനും സർക്കാർ തീരുമാനിച്ചതാണ്.

കൊങ്കൺ റെയിൽവേ തയ്യാറാക്കിയ ടെൻഡർ രേഖകൾ മാസങ്ങളായി സർക്കാരിന് മുന്നിലുമാണ്.ടെൻഡറിലെ ആർബിട്രേഷൻ വ്യവസ്ഥ 1988ൽ ടെൻഡറുകളിൽനിന്ന് ഒഴിവാക്കിയതാണെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയതോടെയാണ് ടെൻഡർ വിളിക്കാനാവാതെ പോയത്.ടെൻഡർ നീളുമ്പോൾ ചെലവും ഉയരുമെന്നതാണ് പ്രശ്നം.

കൊങ്കൺ റെയിൽ കേന്ദ്രകമ്പനിയാണെന്നും കേന്ദ്രസർക്കാരിന്റെ ടെൻഡറുകളിലുള്ള ആർബിട്രേഷൻ വ്യവസ്ഥ ഒഴിവാക്കി തുരങ്കറെയിലിന് ടെൻഡർ വിളിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി തുറമുഖ കമ്പനി വീണ്ടും സർക്കാരിനെ സമീപിച്ചു.

ഇടത് സർക്കാരിന്റെ അവസാന കാലത്ത് ഇത് അംഗീകരിച്ചെങ്കിലും പെരുമാറ്റച്ചട്ടം കാരണം ടെൻഡർ വിളിക്കാനായിരുന്നില്ല.യു.ഡി.എഫ് സർക്കാർ വരുന്നതോടെ ടെൻഡർ നടപടികൾ വേഗത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർക്കാർ അനുമതിനൽകിയാൽ അഞ്ചുദിവസത്തിനകം ടെൻഡർവിളിക്കാനാവും. ഒറ്റഘട്ടമായി നിർമ്മാണത്തിനുള്ള ഇ.പി.സി(എൻജിനിയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറായിരിക്കും. എൻജിനിയറിംഗ് ഡിസൈൻ തയ്യാറാക്കുന്നതും കരാർകമ്പനിയാണ്.

കേന്ദ്രടെൻഡറുകളിലെല്ലാമുള്ള ആർബിട്രേഷൻ വ്യവസ്ഥയില്ലാതെ കരാർപറ്റില്ലെന്നാണ് കൊങ്കൺറെയിലിന്റെ നിലപാട്. നിർമ്മാണത്തിൽ കാലതാമസം വരുത്തുകയോ ചെലവ് ഏറുകയോ പദ്ധതി ഉപേക്ഷിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയാണിത്.