3000 കുരുന്നുകൾക്ക് അമ്മയായി കൊച്ചിയിലെ മുലപ്പാൽ ബാങ്ക്
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുലപ്പാൽ ബാങ്ക് ഇതുവരെ അമ്മിഞ്ഞപ്പാൽ നൽകിയത് 3000ലേറെ കുരുന്നുകൾക്ക്. ഓരോമാസവും 450ലേറെ അമ്മമാർ നെക്ടർ ഒഫ് ലൈഫ് എന്ന ഈ മുലപ്പാൽ ബാങ്കിലേക്ക് പാൽ നൽകുന്നു. നൂറോളം കുട്ടികൾക്ക് ഇത് അമൃതാകും. സ്വകാര്യ ആശുപത്രികളിൽ നിന്ന് ശരാശരി പത്തു കുട്ടികളും പ്രതിമാസം ഇതിനെ ആശ്രയിക്കുന്നു.
മാസങ്ങളോളം തുടർച്ചയായി ഇവിടെയെത്തി പാൽ നൽകുന്ന അമ്മമാരുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഇവരിൽ ഉൾപ്പെടും. കൾച്ചറിംഗ്, പാസ്ചറൈസേഷൻ എന്നിവയിലൂടെ അണുവിമുക്തമാക്കിയശേഷമാണ് പാൽ കുഞ്ഞുങ്ങൾക്ക് നൽകുക.
നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മാത്രമാണ് തുടക്കത്തിൽ പാൽ ലഭ്യമാക്കിയിരുന്നത്. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനും ജില്ലയിലെ ആശുപത്രികളുടെ ശൃംഖലയുണ്ടാക്കി. ജനറൽ ആശുപത്രിയിൽ പ്രതിവർഷം 3,600ഓളം കുട്ടികളാണ് ജനിക്കുന്നത്. ഇതിൽ 600- 1,000 കുഞ്ഞുങ്ങൾ ബാങ്കിനെ ആശ്രയിക്കുന്നുണ്ട്.
സേവനം ലഭിക്കുന്നത്
• അമ്മയും കുഞ്ഞും വ്യത്യസ്ത ആശുപത്രികളിലാകുമ്പോൾ
• അമ്മയുടെ മരണം, രോഗബാധ
• മുലപ്പാലിന്റെ കുറവ്
ആറുമാസം സൂക്ഷിക്കാം
# മുലപ്പാൽ ആറ് മാസം വരെ സൂക്ഷിക്കാം. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലും സംസ്ഥാന ആരോഗ്യ വകുപ്പും തമ്മിലുള്ള ധാരണ പ്രകാരമാണ് 2021ൽ തുടങ്ങിയത്.
# ഐ.എം.എയും ഇന്ത്യൻ അസോസിയേഷൻ ഒഫ് പീഡിയാട്രീഷ്യൻസും നഴ്സുമാരെ ലഭ്യമാക്കി. ഇപ്പോൾ ആരോഗ്യവകുപ്പിൽ നിന്ന് നേരിട്ട് നഴ്സുമാരുണ്ട്.
#ബ്രെസ്റ്റ് മിൽക്ക് പമ്പ് ഉപയോഗിച്ചാണ് മുലപ്പാൽ ശേഖരണം.
പാൽ ഒരുമിച്ച് 60 ഡിഗ്രി സെന്റിഗ്രേഡിൽ പാസ്ചറൈസ് ചെയ്യും.
ഡീപ് ഫ്രീസറിൽ സൂക്ഷിക്കും.
സംവിധാനം
പാസ്ചറൈസേഷൻ യൂണിറ്റ് റഫ്രിജറേറ്ററുകൾ ഡീപ് ഫ്രീസറുകൾ ഹോസ്പിറ്റൽ ഗ്രേഡ് ബ്രസ്റ്റ് പമ്പ് ആർ.ഒ പ്ലാന്റ് സ്റ്റെറിലൈസിംഗ്
ചെലവ് ---- 35 ലക്ഷം രൂപ
കേരളത്തിൽ സിസേറിയനുകളുടെ എണ്ണവും ഇതേത്തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളും വർദ്ധിച്ചു. ഇതുൾപ്പെടെയുള്ള പല സാഹചര്യങ്ങളിലും അമ്മമാർക്ക് കുരുന്നുകളെ മുലപ്പാലൂട്ടാൻ സാധിക്കാതെ വരുന്നുണ്ട്. ഈ ഘട്ടങ്ങളിൽ കുട്ടികൾക്ക് പാൽപ്പൊടിയാണ് നൽകാറുള്ളത്. പാൽപ്പൊടിയിലൂടെ ചില കുട്ടികൾക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളപ്പോൾ മുലപ്പാൽ ബാങ്ക് എന്നുള്ളത് ഏറെ ഉപകാരപ്രദമാണ്. മുലപ്പാൽ നൽകുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാനാകും. മുലപ്പാലൂട്ടുന്നതിലൂടെ കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും.
ഡോ.ആർ. ഷഹീർ ഷാ ഡി.എം.ഒ എറണാകുളം