ബംഗാളിൽ പുതിയ പ്രഭാതം

Sunday 10 May 2026 12:00 AM IST

"ഹേ നൂതൻ, ദേഖാ ദിക്കാർ ബാർ, ജന്മരൊ പ്രഥമ ശുഭക്ഷണം" — ഹേ നവജന്മമേ, മംഗളകരമായ ശുഭവേളയിൽ ഒരിക്കൽ കൂടി സ്വയം വെളിപ്പെടുത്തിയാലും.

ബംഗാളിന്റെ നിരന്തരം നവീകരിക്കപ്പെടുന്ന ചൈതന്യത്തോടുള്ള ഒരാഹ്വാനമായി - ഒരു പ്രാർത്ഥനയായി - ഗുരുദേവ് രവീന്ദ്രനാഥ ടാഗോറാണ് ഈ വരികൾ എഴുതിയത്. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ ആദരിക്കുന്നതിനും ഒരു ജന്മദിനം അർത്ഥമാക്കുന്ന ഉണർവിന്റെയും നവീകരണത്തിന്റെയും ആനന്ദം ആഘോഷിക്കുന്നതിനുമാണ് ഇത് പരമ്പരാഗതമായി പാടുന്നത്. ഈ മണ്ണ് കേവലം മാറുകയല്ല, മറിച്ച് നിരന്തരം പുനർജനിക്കുകയാണെന്ന് ഗുരുദേവ് മനസ്സിലാക്കിയിരുന്നു.

ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ 165-ാം ജന്മവാർഷികത്തിന് ഒരാഴ്ച തികയുന്നതിനു മുമ്പ് പശ്ചിമ ബംഗാൾ ചരിത്രപരമായ ഒരു മാറ്റത്തിന് സാക്ഷ്യംവഹിച്ചു എന്നത് സന്തോഷകരമായ ഒരു യാദൃച്ഛികതയാണ്. മേയ് 4 ന്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടി ചരിത്രപരമായ വിജയം നേടി. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഈ തിരഞ്ഞെടുപ്പ് ഒരിക്കലും കേവലമൊരു രാഷ്ട്രീയമത്സരം ആയിരുന്നില്ല. ഈ മഹത്തായ ഭൂമിയുടെ നഷ്ടപ്പെട്ട ചൈതന്യം, തിരഞ്ഞെടുപ്പ് പരിഗണനകൾക്ക് അതീതമായ സംസ്കാരം, പുനഃസ്ഥാപിക്കാനുള്ള അവസരമായിരുന്നു അത്.

ഇന്ന്, രാഷ്ട്രീയത്തിന്റെ ആരവങ്ങൾ മാറ്റിവച്ച് ആഴമേറിയ ഒരു ചോദ്യം ഉന്നയിക്കുന്നത് മൂല്യവത്തായിരിക്കും. യഥാർത്ഥത്തിൽ എന്താണ് ബംഗാൾ? ബംഗാളിനെ പുനഃസ്ഥാപിക്കുക എന്നതിന്റെ അർത്ഥമെന്താണ്? ബംഗാളിന്റെ വർത്തമാനകാലം മനസ്സിലാക്കാൻ, ആദ്യം ബംഗാളിന്റെ ഭൂതകാലത്തെ തിരിച്ചറിയണം - പതിറ്റാണ്ടുകളുടെയല്ല; മറിച്ച്, നൂറ്റാണ്ടുകളുടെ ഭൂതകാലത്തെ മനസ്സിലാക്കണം.

ബംഗാൾ ബൗദ്ധിക പരിഷ്കരണത്തിന്റെ ഒരു പര്യായമായി മാറുന്നതിന് വളരെ മുമ്പുതന്നെ, ഒരു പുണ്യഭൂമിയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ, നബദ്വീപിലെ ഗംഗാതീരത്ത്, നിമായ് എന്ന ചെറുപ്പക്കാരൻ (ലോകം അദ്ദേഹത്തെ ചൈതന്യ മഹാപ്രഭു എന്ന് വിളിക്കുന്നു) ഗാനാലാപനം നടത്തി. അദ്ദേഹത്തിന്റെ കീർത്തനം വെറും സംഗീതമായിരുന്നില്ല. ഭക്തിയെ ഉൾക്കൊണ്ട ഒരു സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായിരുന്നു അത്. അദ്ദേഹം തൊട്ടുകൂടാത്തവരെ കൂട്ടത്തിൽച്ചേർത്തു, പണ്ഡിതരോടൊപ്പം നൃത്തം ചെയ്തു, ദൈവിക സ്നേഹം പ്രത്യേകം കല്പിച്ചുനൽകിയവർക്കല്ല എല്ലാവർക്കുമാണെന്ന് പ്രഖ്യാപിച്ചു.

കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിൽ, ബംഗാൾ ഇന്ത്യയുടെ ധാർമ്മിക ഉണർവിൽ പങ്കുചേരുക മാത്രമല്ല - അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്തു.

ബംഗാൾ ജന്മം നൽകിയ അസാമാന്യ പ്രതിഭകളിലും മഹാത്മാക്കളിലും ഒരുപക്ഷേ, സ്വാമി വിവേകാനന്ദൻ ഏറ്റവും പ്രബുദ്ധതയോടെയും തേജസ്സോടെയും നിലകൊള്ളുന്നു. 1893-ലെ ലോക മത പാർലമെന്റിലെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ സ്വാമി വിവേകാനന്ദൻ ഹിന്ദുമതത്തിന്റെ മഹത്വം ലോകത്തിന് പരിചയപ്പെടുത്തുകയും മതഭ്രാന്ത് അവസാനിപ്പിക്കാനും മതസഹിഷ്ണുത സ്വീകരിക്കാനും ആഹ്വാനം നടത്തുകയും ചെയ്തു. എന്നാൽ അദ്ദേഹം സ്വന്തം നാട്ടിൽ തിരിച്ചെത്തിയപ്പോൾ, സ്വന്തം ജനതയോട് ഒരു കാര്യം പറഞ്ഞു - കരുത്ത് ഇല്ലാത്ത ആത്മീയത വൈകാരികതയാണെന്നും വിശക്കുന്ന മനുഷ്യനെ തത്ത്വചിന്ത പഠിപ്പിക്കാൻ കഴിയില്ലെന്നും ദേവതയെ ക്ഷേത്രത്തിൽ മാത്രമല്ല, സ്ത്രീയിലും ദരിദ്രരിലും രാഷ്ട്രത്തിൽ തന്നെയും കാണണമെന്നും ആരാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതാണ് ബംഗാൾ. ബംഗാൾ എപ്പോഴും ഇങ്ങനെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിനെ കാണുന്നത് ഇപ്രകാരമാണ്;

വളരെക്കാലമായി, ബംഗാളിലെ ബൗദ്ധിക-രാഷ്ട്രീയ വിഭാഗത്തിലെ ചില ആളുകൾ സ്വന്തം നാഗരിക പാരമ്പര്യത്തെ ഒരു നാണക്കേടായി കണക്കാക്കി - അത് മറികടക്കേണ്ടതോ കൊളോണിയൽ പ്രത്യയശാസ്ത്രങ്ങൾ ഉപയോഗിച്ച് പുനഃസ്ഥാപിക്കേണ്ടതോ ആയ ഒന്നായി അവർ കണക്കാക്കി. പതിറ്റാണ്ടുകളായി മുരടിച്ച വികസനം, സ്ഥാപനപരമായ തകർച്ച, ബംഗാളിന്റെ ബഹുസ്വര ആത്മാവിനെ എതിർക്കാത്ത, എന്നാൽ ധർമ്മത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും സംസാരിക്കാൻ ധൈര്യപ്പെട്ടവരെ നിശബ്ദരാക്കൽ എന്നിവയായിരുന്നു അതിന്റെ ഫലം.

പശ്ചിമബംഗാളിൽ അടുത്തിടെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഒരു തിരഞ്ഞെടുപ്പ് വിധിയായി മാത്രം കാണരുത്. ബംഗാളിനെ അതിന്റെ വേരുകളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അകറ്റി നിറുത്തിയവർക്കെതിരായ പൊതുജനാഭിപ്രായത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഒരിക്കലും അധികാരത്തിനായുള്ള പോരാട്ടമായിരുന്നില്ല. അതൊരു പവിത്രമായ ശ്രമമായിരുന്നു - നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള 'യജ്ഞം'.

കഴിഞ്ഞ അരനൂറ്റാണ്ടിൽ, ബംഗാളിന്റെ മികച്ച ദിനങ്ങൾ അസ്തമിച്ചതായി തോന്നി. ഇന്ന്, സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഊർജ്ജസ്വലമായ ഒരു പുതിയ ജീവിത വാഗ്ദാനത്തിനു മുന്നിൽ ബംഗാൾ പുനർജനിച്ചിരിക്കുന്നു.