ഇടിമിന്നലേറ്റ് വീടുതകർന്നു, അമ്മയ്ക്കും കുഞ്ഞിനും പൊള്ളലേറ്റു

Saturday 09 May 2026 10:13 PM IST

റാന്നി: ഇടിമിന്നലേറ്റ് റാന്നിയിൽ വീടു തകർന്നു. വീട്ടിലുണ്ടായിരുന്ന യുവതിക്കും കുഞ്ഞിനും സാരമായി പൊള്ളലേറ്റു. ഒാടിളകിവീണ് യുവതിയുടെ മാതാവിന് പരിക്കുപറ്രി. റാന്നി മക്കപ്പുഴ എഴോലിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ തങ്കമ്മ, മകൾ സ്മിത, സ്മിതയുടെ മുന്നുമാസം പ്രായമായ കുഞ്ഞ് എന്നിവർക്കാണ് അപകടം. കുഞ്ഞിന്റെ മുഖത്തും കഴുത്തിനും സ്മിതയും മുഖത്തും കൈക്കുമാണ് പൊള്ളൽ. മേൽക്കൂരയിലെ ഓടിളകി വീണും ജനൽ ചില്ലുകൾ തെറിച്ചു വീണുമാണ് തങ്കമ്മയ്ക്ക് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചകിത്സ നൽകി. പൊള്ളലേറ്റ സ്മിതയേയും കുഞ്ഞിനെയും കോട്ടയം ഇ.എസ്.ഐ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11നാണ് സംഭവം. ഇടിമിന്നലിന്റെ ആഘാതത്തിൽ ഓടും ആസ്ബറ്റോസ് ഷീറ്റും ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ മേൽക്കുര പൂർണമായി തകർന്നു. ജനൽ ചില്ലുകൾ ചിന്നിച്ചിതറി. ഭിത്തികൾ വിണ്ടുകീറി. വൈദ്യുതി സ്വിച്ചുകൾ പുറത്തേക്ക് തെറിച്ചു. വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും പ്രവർത്തന രഹിതമായി. വലിയ ശബ്ദത്തോടെയാണ് വീടിന് ഇടിയേശിയത്. ശബ്ദം കേട്ട് സമീപ വാസികൾ ഓടിയെത്തി. ഇവരാണ് പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയത്. കാറ്റും മഴയുമില്ലാതിരുന്ന വേളയിൽ ഇടിവെട്ടിയത് ആളുകളിൽ പരിഭ്രാന്തി പരത്തി.