ലക്ഷങ്ങൾ ചിലവഴിച്ചിട്ടും മാലിന്യം ബാക്കി തെളിനീരൊഴുകാതെ കാനാമ്പുഴ

Saturday 09 May 2026 10:42 PM IST

കണ്ണൂർ: ലക്ഷങ്ങൾ ചിലവഴിച്ചിട്ടും തെളിനീരൊഴുകാതെ കാനാമ്പുഴ. വീണ്ടും മാലിന്യം തള്ളിത്തുടങ്ങിയതോടെയാണ് പുഴ വീണ്ടും പഴയപടിയായത്. പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞ് ഒഴുക്ക് നിലച്ചതിനെ തുടർന്ന് വിദ്യാർത്ഥികളും വിവിധ സംഘടനകളും പുഴയെ വീണ്ടെടുക്കാൻ രംഗത്തിറങ്ങിയതോടെയാണ് നേരത്തെ കാനാമ്പുഴയെ വീണ്ടെടുത്തത്.

ഹരിത കേരള മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിച്ച ആദ്യ പുഴയാണ് കണ്ണൂരിലെ കാനാമ്പുഴ. നാളുകളായി മാലിന്യമടിഞ്ഞും ഒഴുക്കു വറ്റിയും അതീവ ദൈന്യതയിലായിരുന്നു ഈ പുഴ. കറുത്ത നിറത്തിലായ വെള്ളം മഴക്കാലങ്ങളിൽ സമീപ വയലുകളിലേക്ക് പടരുന്നതും പതിവായിരുന്നു.സമീപപ്രദേശങ്ങളിലടക്കം മാലിന്യം നിറഞ്ഞ് രോഗഭീതി ഉയർന്നതിനെ തുടർന്നാണ് കാനാമ്പുഴ അതിജീവനം എന്ന ആശയവുമായി മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ 2016ൽ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്.

ആദ്യം മാലിന്യം മുഴുവനായും നീക്കം ചെയ്യാൻ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. തിലാനൂർ മാച്ചേരി അയ്യപ്പൻ മല മുതൽ

താഴെചൊവ്വ ഹൈവേ വരെയായിരുന്നു ആദ്യ ഘട്ടം. ആയിരക്കണക്കിന് ആളുകളാണ് ശുചീകരണത്തിൽ പങ്കാളികളായത്.

മാലിന്യം കൂടിയതോടെ പുഴയിൽ നിന്ന് ദുർഗന്ധം ഉയരുന്നുണ്ട്. റെയിൽവേ പാലം മുതൽ മണ്ടേൻവയൽ വരെയാണ് വൻതോതിൽ മാലിന്യം അടിഞ്ഞുകിടക്കുന്നത്. . താഴെ ചൊവ്വ പാലത്തിനടിയിലും മാലിന്യം വൻതോതിൽ തള്ളിയിട്ടുണ്ട്.

ചിലവിട്ടത് 4.40 കോടി

പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യൽ, കരിങ്കൽ പാർശ്വഭിത്തി , പാടശേഖരങ്ങളിലേക്കുള്ള ജലസേചനാവശ്യാർത്ഥം സ്ലൂയിസുകൾ നിർമ്മിക്കൽ, വിനോദ സഞ്ചാര ഉദ്ദേശത്തോടു കൂടി പുഴയുടെ ഇരുവശങ്ങളിലും നടപ്പാത,ബണ്ട് നിർമ്മാണം, ബണ്ടിൽ കയർ ഭൂവസ്ത്രം വിരിക്കൽ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് 4.40 കോടി ചിലവിൽ കാനാമ്പുഴയിൽ നടപ്പിലാക്കിയത്.

എല്ലാം പഴയ പടിയിലേക്ക് പുഴയുടെ പലയിടങ്ങളിലും പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റും നിറഞ്ഞ നിലയിലാണ്. കാടുപിടിച്ചും മാലിന്യവും കാരണം പുഴയുടെ ഒഴുക്ക് നിലച്ചു. താഴെ ചൊവ്വ പാലത്തിനും റെയിൽവേ പാലത്തിനുമിടയിൽ വൻതോതിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. പ്ലാസ്റ്റിക്ക് ബോട്ടിലുകളുൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നവരെ തടയുന്നതിന് നിലവിൽ ഒരു സംവിധാവും പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. ചൊവ്വ റെയിൽവേ പാലം മുതൽ മണ്ടേൻവയൽവരെ നടപ്പാക്കിയ പുനരുദ്ധാരണ പദ്ധതി 2024 ഡിസംബറിലാണ് ഉദ്ഘാടനം ചെയ്തത്.