തിരുവല്ലം ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു

Sunday 10 May 2026 12:40 AM IST

തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയിലെ ടോൾനിരക്ക് വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു.

ജി.എസ്.ടി കുറച്ചതിന്റെ ഭാഗമായി 2025 ഒക്‌ടോബറിൽ നിരക്ക് കുറച്ചിരുന്നു. എന്നാൽ നിരക്ക് വർദ്ധിപ്പിച്ചതോടെ ടോൾ ഒക്‌ടോബറിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് എത്തി. ടോൾ പ്ലാസയിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിൽ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്കുള്ള പ്രതിമാസ പാസിന്റെ നിരക്കും ഉയർത്തി. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 350 രൂപയാണ് പുതിയ പ്രതിമാസ പാസ് നിരക്ക്. കാർ,ജീപ്പ്,വാൻ, മറ്റു ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നിവയ്ക്ക് ഒറ്റത്തവണ യാത്രയ്ക്ക് 160 രൂപയാണ് പുതിയ നിരക്ക്. അഞ്ചു രൂപയുടെ വർധനയാണുള്ളത്. 24 മണിക്കൂറിനുള്ളിലെ തിരികെ യാത്ര കൂടി ഉൾപ്പെടുത്തി 240 രൂപ നൽകണം. ഒരു മാസ പാസിന് 5350 രൂപ നൽകണം.

ലൈറ്റ് കമേഴ്സ്യൽ വെഹിക്കിൾ, ലൈറ്റ് ഗുഡ്സ് വെഹിക്കിൾ, മിനി ബസ് എന്നിവയ്ക്ക് ഒറ്റത്തവണ യാത്രയ്ക്ക് 260 രൂപയാണ് ടോൾ. 24 മണിക്കൂറിനുള്ളിലെ മടക്കയാത്ര കൂടി ഉൾപ്പെടുകയാണെങ്കിൽ 390 രൂപ നൽകണം. പ്രതിമാസ ടോൾ 8430 ൽ നിന്നും 8640 ആയി വർധിപ്പിച്ചു. ബസ്, ട്രക്ക് എന്നിവയ്ക്ക് 530 ൽ നിന്നും 545 രൂപയായി വർദ്ധിപ്പിച്ചു. മടക്കയാത്ര കൂടി ഉൾപ്പെടുത്തി 815 രൂപ നൽകണം. പ്രതിമാസ പാസിന് 18105 രൂപ നൽകണം.കമേഴ്സ്യൽ വെഹിക്കിളിന് 595 രൂപയാണ് ഒറ്റത്തവണ യാത്രയ്ക്ക് ഈടാക്കുക. 15 രൂപയാണ് വർധിപ്പിച്ചത്. പ്രതിമാസ പാസിന് നൽകണ്ടേത് 19750 രൂപയാണ്.

ഹെവി കൺസ്ട്രക്ഷൻ വിഭാഗത്തിൽപ്പെടുന്ന മണ്ണുമാന്തി യന്ത്രങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവയ്ക്ക് 850 രൂപയാണ് ഒറ്റത്തവണ യാത്രയ്ക്കുള്ള ടോൾ. 20 രൂപയുടെ വർധനയാണ് വരുത്തിയത്. മടക്കയാത്ര കൂടി ഉൾപ്പെടുത്തി 1280 രൂപയാക്കി . പ്രതിമാസ പാസിനായി 28390 രൂപയാണ് നൽകേണ്ടത്. ഏഴോ അതിൽ കൂടുതലോ ആക്സിലുള്ള വാഹനങ്ങൾ ഒറ്റത്തവണ യാത്രയ്ക്ക് 1033 രൂപയാണ് ടോൾ. മടക്കയാത്ര കൂടി ഉൾപ്പെടെ 1555 രൂപ നൽകണം. പ്രതിമാസ പാസിന് 34565 രൂപ ഈടാക്കും..