നേപ്പാൾ അറിയിച്ചു അതിർത്തി തർക്കം ചർച്ചകളിലൂടെ പരിഹരിക്കാം

Sunday 10 May 2026 12:49 AM IST

കാഠ്മണ്ഡു: ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നം നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് നേപ്പാൾ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാത വഴി തീർത്ഥാടനം നടത്തുന്നതിനെതിരെയുള്ള നേപ്പാളിന്റെ വാദങ്ങളെ ഇന്ത്യ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ചരിത്രപരമായ ഉടമ്പടികളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിനാണ് നേപ്പാൾ മുതിരുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലോക് ബഹദൂർ ഛേത്രി പറഞ്ഞു. സുഹൃദ്ബന്ധം ഉൾക്കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിലവിൽ നേപ്പാൾ ആഗ്രഹിക്കുന്നത്. ലിപുലേഖ് അതിർത്തി സംബന്ധിച്ച വിഷയത്തിൽ നേപ്പാളിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള കൈലാസ മാനസ സരോവർ യാത്ര നേപ്പാളിന്റെ ഭൂപ്രദേശമായ ലിപുലേഖിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇരുരാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും ഛേത്രി കൂട്ടിച്ചേർത്തു. ഭൂപടങ്ങളും കൃത്യമായ തെളിവുകളും ആധാരമാക്കിയാകും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോവുക. സ്വന്തം അതിർത്തി വിപുലീകരിക്കാൻ നേപ്പാളിന് ഉദ്ദേശ്യമില്ല. സ്വന്തം മണ്ണ് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും നേപ്പാൾ സർക്കാർ വക്താവ് സസ്മിത് പൊഖ്‌രേൽ അറിയിച്ചതായാണ് റിപ്പോർട്ട്. അതിനിടെ,​ 11, 12 തീയതികളിൽ നടത്താനിരുന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ കാഠ്മണ്ഡു സന്ദർശനം മാറ്റിവച്ചു.