സാഗര ഗർജ്ജനം
ശ്രീനാരായണ ഗുരുദേവന്റെ ദർശനഗരിമയെ ആഴത്തിൽ വിചിന്തനം ചെയ്യുകയും അതിനെ വാമൊഴിയായും വരമൊഴിയായും ആവിഷ്കരിക്കുവാൻ അസാമാന്യമായ പ്രാഗത്ഭ്യം പ്രകടിപ്പിച്ച മഹാനുഭാവനായിരുന്നു ഡോ.സുകുമാർ അഴീക്കോട്. ശ്രീനാരായണഗുരു,വാഗ്ഭടാനന്ദൻ, മഹാത്മാഗാന്ധി എന്നീ മൂന്നു മഹാപുരുഷന്മാരെ മാർഗദർശികളായി കണ്ട് അദ്ദേഹം അവരുടെ ജീവിതദർശനത്തെ സ്വജീവിതത്തിലേക്ക് ചാലിച്ചെടുക്കുവാൻ പ്രത്യേകം ശ്രദ്ധാലുവായിരുന്നു. മഹാനായ ഈ കേരളപുത്രന്റെ ജന്മശതാബ്‌ദി ദിനമാണ് ഇന്ന്. അഴീക്കോടിന്റെ ജന്മശതാബ്‌ദി ആഘോഷം വിപുലമായി സംഘടിപ്പിക്കുവാനുള്ള ധാർമ്മികമായ ചുമതല കേരളീയ ജനസമൂഹത്തിനുണ്ട്. ശിവഗിരി മഠത്തിന്റെ ആത്മബന്ധുവായിരുന്ന അഴീക്കോട് മാഷിനെ സ്മരിച്ചുകൊണ്ട് ലളിതമായ പരിപാടികൾ ഇന്നേ ദിവസം ശിവഗിരി മഠം സംഘടിപ്പിക്കുകയാണ്.
ഒരു കാലഘട്ടത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രത്തെ സ്വന്തം ജീവിതവുമായി അഭേദ്യമാംവിധം തുന്നിച്ചേർത്ത് ജീവിതഗാത്രം നെയ്തെടുത്ത അപൂർവ വ്യക്തിത്വമായിരുന്നു ഡോ.സുകുമാർ അഴീക്കോടിന്റേത്. നവകേരളത്തിന്റെ ആറ് ദശാബ്ദത്തിന്റെ ചരിത്രമെടുത്താൽ ഈ വാഗ്ഭടൻ ഭാഷയുടേയും ജനതയുടെയും വാഗ്ഭടനായി മാറിയെന്നതാണ് ചരിത്രം. അഴീക്കോടിന്റെ വാക്കുകൾ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാഹിത്യപരവും ആയ സർവരംഗങ്ങളിലും അംഗീകാരം പിടിച്ചുപറ്റിയെന്നതാണ് അദ്ദേഹത്തെ അസാമാന്യനാക്കുന്നത്.
പ്രഭാഷണകലയിൽ മുടിചൂടാമന്നനാണ് അഴീക്കോട്. അക്കാര്യത്തിൽ അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരാൾ ഈ കാലഘട്ടത്തിലില്ല എന്നുതന്നെ പറയാം. വൈക്കം മുഹമ്മദ് ബഷീർ അതിനെ 'സാഗര ഗർജ്ജനം' എന്നു വിശേഷിപ്പിച്ചു. സൂര്യനു കീഴിലുള്ള ഏതൊരു വിഷയത്തെക്കുറിച്ചും തനിക്ക് തന്റേതായ ഒരു കാഴ്ചപ്പാടും തുറന്ന അഭിപ്രായവും അദ്ദേഹം വച്ചുപുലർത്തി. വിമർശനങ്ങളൊന്നും അദ്ദേഹത്തിന്റെ നൈസർഗികമായ ചിന്താഗതിയിലോ പ്രവർത്തനങ്ങളിലോ യാതൊരു ചലനവും സൃഷ്ടിച്ചിരുന്നില്ല.
1926 മേയ് 12ന് വടക്കൻ കേരളത്തിലെ അഴീക്കോട് ഗ്രാമത്തിൽ സുകുമാരൻ ജനിച്ചു. പന്ത്രണ്ടാം വയസിൽ അച്ഛനോടൊപ്പം ബാലനായ സുകുമാരൻ ആത്മവിദ്യ സംഘത്തിന്റെ പടികൾ ചവിട്ടിക്കയറി. വാഗ്ഭടനാനന്ദ ഗുരുദേവന്റെ ആത്മവിദ്യ അതോടുകൂടി അദ്ദേഹം ആത്മാവിൽ നിറച്ചു. വാഗ്ഭടാനന്ദ ശിഷ്യന്മാരും കേരളത്തിലെ മികച്ച പ്രാസംഗികരുമായിരുന്ന സ്വാമി ആര്യഭടൻ, സ്വാമി ബ്രഹ്മവ്രതൻ, എം.ടി.കുമാരൻ, പാമ്പൻ മാധവൻ തുടങ്ങിയവരും സുകുമാരനിൽ ശക്തമായ സ്വാധീനം ചെലുത്തുകയുണ്ടായി. പ്രസംഗകലയിൽ വാഗ്ഭടാനന്ദനുണ്ടായിരുന്ന ആഴവും, ആര്യഭടനുണ്ടായിരുന്ന നർമ്മബോധവും ബ്രഹ്മവ്രതന്റെ വൈകാരിക ഭാവവും എം.ടി.കുമാരന്റെ യുക്തിചിന്തയും സുകുമാർ അഴീക്കോടിൽ ഒന്നൊന്നായി പ്രശോഭിച്ചുവെന്നു പറയാം.
1947 ഏപ്രിൽ 14 പൗർണമിക്ക്, കുമാരനാശാന്റെ ജന്മതിഥിയിലായിരുന്നു അഴീക്കോട് പ്രസംഗകലയുമായി അരങ്ങിലേക്കിറങ്ങിയത്. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: ''കണ്ണൂർ ടൗണിലുള്ള ഒരു മാടക്കടയുടെ മറവിൽ പത്തുപതിനെട്ടാളുകൾ ഉള്ള ഒരു സദസിലായിരുന്നു എന്റെ ആദ്യ പ്രസംഗം. ഞാൻ അക്കാലത്ത് ഫുൾകൈ ഷർട്ടാണ് ധരിച്ചിരുന്നത്. അതിനാൽ കൈ വിറയ്ക്കുന്നതൊന്നും ആരും കണ്ടിരിക്കാൻ ഇടയില്ല''.
പ്രഭാഷണങ്ങൾ തന്നിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അഴീക്കോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഓരോ പ്രസംഗത്തിൽനിന്നും എനിക്കു കിട്ടുന്ന ഊർജ്ജമാണ് എന്റെ ആരോഗ്യം. പ്രസംഗം കേട്ടിരിക്കുന്നവരുടെ മുഖഭാവം കാണുമ്പോൾ എനിക്കുണ്ടാകുന്ന അനുഭൂതിയിൽ നിന്നാണ് ഞാൻ കൂടുതൽ കരുത്തനാകുന്നത്''.
1977ൽ ശിവഗിരിയിൽ അന്താരാഷ്ട്ര ശ്രീനാരായണ ഗുരുവർഷം ആഘോഷിക്കുന്ന വേളയിലാണ് അഴീക്കോടിനെ ഇതെഴുതുന്നയാൾ ആദ്യം കാണുന്നതും പ്രഭാഷണം ശ്രവിക്കുന്നതും. പിന്നീട് ബ്രഹ്മശ്രീ ഗീതാനന്ദ സ്വാമികളാണ് അഴീക്കോടിന്റെ പ്രസംഗകലയുടെ മഹത്വം പറഞ്ഞുതന്നത്. ഗീതാനന്ദസ്വാമികൾ മികച്ച പ്രാസംഗികനും സഹൃദയനുമായിരുന്നു. അഴീക്കോടിന് സ്വാമിയോട് അത്യധികമായ ആദരവും സ്നേഹവുമുണ്ടായിരുന്നു. ചാലക്കുടിയിലെ ഗായത്രി ആശ്രമത്തിൽ അഴീക്കോട് പലവുരു വന്ന് ഗീതാനന്ദസ്വാമികളെ സന്ദർശിച്ചിട്ടുമുണ്ട്. ഒരുനാൾ സ്വാമികൾ പറഞ്ഞു- “സച്ചിദാനന്ദസ്വാമി കഴിയുന്നതും അഴീക്കോടിന്റെ പ്രസംഗങ്ങൾ പോയി കേൾക്കണം. അദ്ദേഹത്തിന്റെ ഓരോ പ്രസംഗങ്ങളിലും ഓരോ പുതിയ ആശയങ്ങൾ ഉണ്ടായിരിക്കും.” എന്നിലെ ഗുരുധർമ്മ പ്രചാരകനെ ഉണർത്തുന്നതിനുവേണ്ടിയാണ് സ്വാമി അങ്ങനെ പറഞ്ഞുതന്നത്.
30 വർഷക്കാലത്തെ
പരിചയം
അഴീക്കോട് ഏറ്റവും കൂടുതൽ പ്രസംഗിച്ചിട്ടുള്ളത് ശ്രീനാരായണഗുരുവിനെയും ഗുരുദർശനത്തെ കുറിച്ചുമായിരുന്നുവെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പ്രസംഗങ്ങളിലും ഗുരുദേവനും മഹാത്മാഗാന്ധിയും കടന്നുവന്നിരുന്നു. കേരളത്തിനകത്തും പുറത്തുമായി ഗുരുവിന്റെ പേരിലുള്ള സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വർഷക്കാലത്തെ പരിചയവും ബന്ധവും അഴീക്കോടു മാഷുമായിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭവനത്തിലെത്തി ദീർഘനേരം മാഷുമായി സംസാരിക്കുന്നത് ദീപ്തമായ അനുഭവമായിരുന്നു.
തികഞ്ഞ ശ്രീനാരായണീയൻ
അനീതിക്കും അധാർമ്മികതയ്ക്കും എതിരെ വിരൽചൂണ്ടാനും പോരാട്ടങ്ങൾ നടത്തുവാനും ജനസമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കുവാനുമുള്ള പ്രതിബദ്ധത നമ്മുടെ സമൂഹത്തിനുണ്ടാകണം. കൈമോശം വന്നുപോയിരിക്കുന്ന ഈ മഹത്തായ ആദർശപരത പുലർത്തിപോരാൻ അഴീക്കോട് മാഷിന്റെ ഈ ജന്മശതാബ്‌ദി ദിനത്തിൽ നാം പ്രതിജ്ഞ ചെയ്യണം. അഴീക്കോട് മാഷ് തികഞ്ഞ ശ്രീനാരായണീയനായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ തത്വദർശനത്തിന്റെ അടിസ്ഥാനതത്വം ആത്മീയതയാണ്. അത് അദ്വൈത വേദാന്തദർശനമാണ് എന്നദ്ദേഹം ഉച്ചൈസ്തരം പ്രഖ്യാപനം ചെയ്തിരുന്നു.
അഴിക്കോട് മാഷെകൊണ്ട് ഗുരുദേവന്റെ ഒരു സമഗ്രജീവിത ചരിത്രം എഴുതിപ്പിക്കുവാൻ ഈ ലേഖകൻ അടക്കമുള്ളവർ ശ്രമം ചെയ്തിരുന്നു. അവസാനംകാലം അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ, രോഗഗ്രസ്തനായ ശേഷം അദ്ദേഹത്തിന്റെ ആ വലിയ ആഗ്രഹം സാധിതമാകാതെ പോയി.