കൽദായ സുറിയാനി സഭ പരമാദ്ധ്യക്ഷന് സ്വീകരണം

Thursday 30 April 2026 12:14 AM IST

തൃശൂർ : അഞ്ചു ദിവസത്തെ സന്ദർശനത്തിന് തൃശൂരിലെത്തിയ, പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആഗോള പരമാദ്ധ്യക്ഷൻ മാറൻ മാർ ആവ തൃതീയന് ഊഷ്മള സ്വീകരണം. വിശുദ്ധ മാർ അബിമലേക് തിമൊഥെയൂസ് തിരുമേനിയുടെ ഓർമ്മതിരുനാളും ഇന്ത്യയിലെ ദിവംഗതരായ പിതാക്കന്മാരുടെ ഓർമ്മദിനവും മാർ അപ്രേം തിരുമേനിയുടെ ഒന്നാം ചരമ വാർഷികവും പ്രമാണിച്ച് നടക്കുന്ന പരിപാടികളിൽ സംബന്ധിക്കാനാണ് അദ്ദേഹമെത്തിയത്. സിനഡ് സെക്രട്ടറിയും വിക്ടോറിയ ആൻഡ് ന്യൂസിലാൻഡ് ബിഷപ്പുമായ മാർ ബെന്യാമിൻ എല്യ, ഈസ്റ്റേൺ യു.എസ്.എ ബിഷപ്പ് മാർ പൗലോസ് ബെഞ്ചമിൻ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. അന്തരിച്ച ഡോ. മാർ അപ്രേം മെത്രാപ്പൊലീത്തയുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ മാർ ആവാ തൃതീയന് സാധിച്ചിരുന്നില്ല. മെത്രാപ്പൊലീത്ത മാർ ഔഗിൻ കുര്യാക്കോസ്, സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസ് ചെയർമാൻ അബി ജെ.പൊന്മണിശേരി, വികാരി ജനറൽ ഫാ.ജോസ് ജേക്കബ്, സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസ് അംഗങ്ങൾ, വൈദികർ, സഭാ വിശ്വാസികൾ എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത്.