മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കി

Saturday 31 May 2025 2:19 PM IST

കൊച്ചി: മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിലുളളതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചതോടെയാണ് ഹർജി തീർപ്പാക്കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെയുളളതെന്ന് രേഖപ്പെടുത്തിയാണ് എറണാകുളം അഡീ. സെഷൻസ് കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കേസ് ഡയറി ഹാജരാക്കിയിരുന്നു.

ഉണ്ണി മുകുന്ദൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. തന്നെ മർദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് സ്റ്റേഷനിൽ ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയത്. ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചെന്നും ഫ്ലാറ്റിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നുമാണ് വിപിൻ കുമാർ പറയുന്നത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നടൻ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച സിനിമ സംഘടനകൾ വിളിച്ചിരിക്കുന്ന യോഗത്തിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

നടൻ ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടതിന്റെ പേരിൽ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്നാണ് വിപിന്റെ ആരോപണം. താൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റിന്റെ താഴെയെത്തിയ ഉണ്ണി മുകുന്ദൻ തന്നെ വിളിച്ചു വരുത്തി മർദ്ദില്ലെന്നും അസഭ്യം പറഞ്ഞെന്നും വിപിൻ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെയെല്ലാം ഉണ്ണി മുകുന്ദൻ നിഷേധിച്ചിരുന്നു, തന്നെക്കുറിച്ച് മറ്റ് താരങ്ങളോട് അപവാദപ്രചാരണം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചു.