എം.എൽ.എമാരുടെ അഭിപ്രായം പുറത്ത് വന്നതിൽ അങ്കലാപ്പ്

Saturday 09 May 2026 1:33 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാവണമെന്നതിനെക്കുറിച്ചുള്ള നിയുക്ത കോൺഗ്രസ് എം.എൽ.എമാരുടെ അഭിപ്രായം പുറത്തായതിൽ പാർട്ടിയിൽ അങ്കലാപ്പ്. ഓരോ എം.എൽ.എമാരെയും ഒറ്റയ്ക്ക് കണ്ട് രഹസ്യമായി അഭിപ്രായം രേഖപ്പെടുത്തിയ പേജിന്റെ ചിത്രമാണ് ഇന്നലെ ഇന്ത്യൻ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ചത്. എ.ഐ.സി.സി നിരീക്ഷകരിൽ ഒരാളായ മുകുൾ വാസ്നിക്കിന്റെ കൈയ്യിലിരുന്ന ഷീറ്റിന്റെ ചിത്രം ഫോട്ടോഗ്രാഫർ പകർത്തുകയായിരുന്നു.

നിരീക്ഷകർ ഒട്ടും ജാഗ്രതയില്ലാതെയാണ് ഇത്രയും നിർണ്ണായകമായ ചുമതല നിർവഹിച്ചതെന്നതിന് തെളിവാണ് സംഭവമെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. താൻ കൃത്യമായി പറഞ്ഞ അഭിപ്രായം നിരീക്ഷകർ രേഖപ്പെടുത്തിയില്ലെന്നാണ് വ്യക്തമാവുന്നതെന്ന് ഉദുമയിലെ നിയുക്ത എം.എൽ.എ കെ.നീലകണ്ഠൻ ആക്ഷേപമുന്നയിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിനും നിരീക്ഷകരായ മുകുൾ വാസ്നിക്കിനും അജയ് മാക്കനും അദ്ദേഹം പരാതി അയച്ചു.

കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് , കെ.സി വേണുഗോപാലിനെയാണ് പിന്തുണച്ചതെന്ന് ചിത്രത്തിൽ വ്യക്തമാവുന്നുണ്ട്. സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ.മോഹനൻ, ഉഷാവിജയൻ, ടി.സിദ്ദിഖ് എന്നിവരുടെ പേരുകൾക്ക് നേർക്ക് കെ.സി എന്ന് രേഖപ്പെടുത്തിയതായാണ് കാണുന്നത്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഐ.സി ബാലകൃഷ്ണന്റെ പേരിന് നേർക്ക് കെ.സി എന്നും ആർ.സി എന്നും ചേർത്തിട്ടുണ്ട്. തങ്ങളുടെ മനസിലിരിപ്പ് പുറത്തായതിന്റെ അങ്കലാപ്പിലാണ് പലരും. ചിത്രത്തിലെ രേഖപ്പെടുത്തൽ വച്ചു നോക്കുമ്പോൾ കെ.സി വേണുഗോപാലിനാണ് മുൻതൂക്കം. എന്നാൽ പുറത്ത് വന്നത് യഥാർത്ഥ പട്ടികയല്ലെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.