അപേക്ഷ വൈകിയതിൽ ഇൻഷ്വറൻസ് നിഷേധിക്കാനാവില്ല: ഹൈക്കോടതി

Saturday 09 May 2026 12:58 AM IST

കൊച്ചി: തെങ്ങിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ചെത്തുതൊഴിലാളിക്ക് ഇൻഷ്വറൻസ് തുക നല്കാനാകില്ലെന്ന വാദം ഹൈക്കോടതി തള്ളി. അപേക്ഷ സമർപ്പിക്കാൻ വൈകിയതിന്റെ പേരിലാണ് സ്വകാര്യ ഇൻഷ്വറൻസ് കമ്പനി ഇൻഷ്വറൻസ് തുക നിഷേധിച്ചത്. രാജ്യംമുഴുവൻ വേരുകളുള്ള, സാമ്പത്തികഭദ്രതയുള്ള കോർപ്പറേറ്റ് സ്ഥാപനമാണ് ജോലിചെയ്യാൻ കഴിയാതായ ദിവസവേതനക്കാരന് ഇൻഷ്വറൻസ് തുക നിഷേധിക്കാനായി ഹർജി ഫയൽചെയ്തതെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വിധിയിൽ പരാമർശിച്ചു.

2021 മേയിൽ തെങ്ങിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിക്ക് 75 ശതമാനത്തോളം ശാരീരിക വൈകല്യമെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. അപകടമുണ്ടായി 60ദിവസത്തിനകം അപേക്ഷിച്ചില്ലെന്ന പേരിൽ ഇൻഷ്വറൻസ് തുകനിഷേധിച്ചു. പരിക്കേറ്റയാൾ കോഴിക്കോട് സ്ഥിരം ലോക് അദാലത്തിൽ നൽകിയ പരാതിയിൽ 7.5ലക്ഷംരൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയിൽ എത്തിയത്.

പരിരക്ഷയുള്ള സമയത്താണ് അപകടമെന്നതും ഗുരുതര പരിക്കാണ് സംഭവിച്ചതെന്നതും കണക്കിലെടുത്താണ് സ്ഥിരം ലോക് അദാലത്ത് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. അപേക്ഷിക്കാൻ വൈകിയതിന്റെ പേരിൽ അർഹമായ ആനുകൂല്യം നിഷേധിക്കാനാകില്ലെന്ന അദാലത്തിന്റെ വിലയിരുത്തലും കോടതി ചൂണ്ടിക്കാട്ടി. അദാലത്തിന്റെ ഉത്തരവിൽ ഇടപെടാൻ പരിമിതമായ അധികാരമേ കോടതിക്കുള്ളൂ. നിർദ്ധനരായ മനുഷ്യർക്ക് ചെലവില്ലാതെ വേഗത്തിൽ നീതിഉറപ്പാക്കാനാണ് സ്ഥിരം ലോക് അദാലത്ത് സ്ഥാപിച്ചത്. സാങ്കേതിക കാരണങ്ങൾ അവിടെ തടസമാകരുതെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.