ഐ.എൻ.ടി.യു.സി മാർച്ചിനിടെ ദേശീയ സെക്രട്ടറി കുഴഞ്ഞുവീണു
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് വിമത വിഭാഗം നടത്തിയ മാർച്ചിനിടെ ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ആർ.എം. പരമേശ്വരൻ കുഴഞ്ഞുവീണു. കനത്ത ചൂടിനെ തുടർന്നാണിത്. ഉദ്ഘാടനം നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഉച്ച കഴിഞ്ഞ് ആശുപത്രിവിട്ടു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റിനെ എതിർക്കുന്ന വിഭാഗം ഇന്നലെ പരുത്തിക്കുഴിയിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസ് വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കുക,അപകടത്തിൽ മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം കുടുംബത്തിന് കൈമാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 11ഓടെ എസ്.എം ലോക്ക് ജംഗ്ഷനിൽ നിന്ന് പ്രകടനമായി പരുത്തിക്കുഴി ഓഫീസിന് മുന്നിൽ എത്തി. തുടർന്ന നടന്ന ധർണ ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഇതിനിടയിലാണ് അദ്ധ്യക്ഷനായിരുന്ന പരമേശ്വരൻ കുഴഞ്ഞുവീണത്. ചിങ്ങന്നൂർ മനോജ്,മണക്കാട് ചന്ദ്രൻ കുട്ടി പി.സുധാകരൻ,വഞ്ചിയൂർ രാധാകൃഷ്ണൻ,വർഗ്ഗീസ് ജോസഫ്,കെ.ആർ.വി സഹജൻ,ചാല സുധാകരൻ എന്നിവർ പ്രസംഗിച്ചു.