തിരുവനന്തപുരവും കൊല്ലവും തൂക്കി ഭരണത്തിലേക്ക് 

Tuesday 05 May 2026 12:53 AM IST

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആധിപത്യം നേടുന്ന മുന്നണി കേരളം ഭരിക്കുമെന്ന ചൊല്ലിന് ഇത്തവണയും മാറ്റമില്ല. ഈ രണ്ടു ജില്ലകളിലും വ്യക്തമായ ആധിപത്യം നേടിയാണ് യു.ഡി.എഫ് ഭരണത്തിലേറുന്നത്. ബി.ജെ.പി വിജയിച്ച മൂന്നു മണ്ഡലങ്ങളും ഈ ജില്ലകളിലാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എൽ.ഡി.എഫിന്റെ സമഗ്രാധിപത്യമായിരുന്നു. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിൽ 13ലും എൽ.ഡി.എഫ് വിജയിച്ചു. കോവളത്തു മാത്രമാണ് യു.ഡി.എഫിന് വിജയിക്കാൻ കഴിഞ്ഞത്. കൊല്ലം ജില്ലയിൽ 11 സീറ്റിൽ 9 സീറ്റിലും എൽ.ഡി.എഫ് വിജയിച്ചിരുന്നു. കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിൽ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്.

എന്നാൽ ഇത്തവണ ഇതെല്ലാം മാറ്റിമറിച്ചാണ് യു.ഡി.എഫിന്റെ മുന്നേറ്റം. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഏഴെണ്ണവും സ്വന്തമാക്കി. ചിറയിൻകീഴ്, വാമനപുരം, വട്ടിയൂർക്കാവ്, അരുവിക്കര, കോവളം, നെയ്യാറ്റിൻകര, തിരുവനന്തപുരം മണ്ഡങ്ങളിൽ യു.ഡി.എഫ് ആധികാരിക വിജയം നേടി. വർക്കല, ആറ്റിങ്ങൽ, പാറശാല, കാട്ടാക്കട, നെടുമങ്ങാട് എന്നീ 5 മണ്ഡലങ്ങളിലാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ ബി.ജെ.പി വിജയം നേടി.

കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളിൽ 8 എണ്ണവും യു.ഡി.എഫ് കരസ്ഥമാക്കി. ചടയമംഗലം, ചവറ, ഇരവിപുരം, കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ, കുന്നത്തൂർ, പത്തനാപുരം മണ്ഡലങ്ങളാണവ. കൊട്ടാരക്കര, പുനലൂർ മണ്ഡലങ്ങളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. ചാത്തന്നൂർ മണ്ഡലത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു.