നിയമസഭയിലേക്ക് 11 വനിതാ രത്നങ്ങൾ

Tuesday 05 May 2026 8:19 PM IST

തിരുവനന്തപുരം: പതിനാറാം നിയമസഭയിൽ പെൺകരുത്തിന്റെ ഉജ്ജ്വല സാന്നിദ്ധ്യമായി 11 പേർ.

യു.ഡി.എഫിൽ നിന്ന് ഒമ്പത് പേർ . ഇടതുപക്ഷത്ത് നിന്നു രണ്ട് പേർ. വടകരയിൽ നിന്ന് രണ്ടാം വിജയത്തിൽ 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആർ.എം.പിയുടെ കെ.കെ. രമ സഭയിലേക്ക് വരുന്നത്. ആർ.ജെ.ഡിയിലെ എം.കെ. ഭാസ്കരനെയാണ് തോൽപ്പിച്ചത്.

ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ എന്ന ഖ്യാതിയോടെയാണ് പേരാമ്പ്രയിൽ നിന്ന് അഡ്വ. ഫാത്തിമ തഹ്ലിയ എത്തുന്നത്. ഇടതിന്റെ ഉരുക്കുകോട്ടയിൽ എൽ.ഡി.എഫ് കൺവീനറായ സി.പി.എം നേതാവ്

ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

തൃക്കാക്കരയിൽ റെക്കാഡ് ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്റെ ഉമ തോമസ് രണ്ടാം തവണയും വിജയിച്ചത്. കലൂർ സ്റ്റേഡിയത്തിൽ വച്ചുണ്ടായ ഗുരുതര പരിക്കിനെ അതിജീവിച്ച് രാഷ്ട്രീയത്തിൽ സജീവമായ ഉമ തോമസ്, സി.പി.എമ്മിലെ അഡ്വ. പുഷ്പ ദാസിനെ 50,211 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

അരൂരിൽ കോൺഗ്രസിന്റെ അഡ്വ. ഷാനിമോൾ ഉസ്മാൻ സി.പി.എമ്മിലെ ദലീമയിൽ നിന്ന് സീറ്റ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ തോറ്റ മണ്ഡലം 9,324 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാനിമോൾ സ്വന്തമാക്കിയത്.

ഇടതിന്റെ കുത്തക സീറ്റായ എലത്തൂരിൽ അട്ടിമറിയാണ് അരങ്ങേറിയത്. കോൺഗ്രസിന്റെ അഡ്വ. വിദ്യ ബാലകൃഷ്ണൻ മന്ത്രി എ.കെ. ശശീന്ദ്രനെ 12,162 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മാനന്തവാടിയിലും സമാനമായ അട്ടിമറി വിജയം കോൺഗ്രസിലെ ഉഷ വിജയൻ സ്വന്തമാക്കി. മന്ത്രി ഒ.ആർ. കേളുവിനെ 10,543 വോട്ടുകൾക്ക് പിന്നിലാക്കിയാണ് ഉഷ സഭയിലെത്തുന്നത്.

ആറ്റിങ്ങലിൽ സി.പി.എമ്മിലെ ഒ.എസ്. അംബിക ബി.ജെ.പിയിലെ അഡ്വ. പി. സുധീറിനെ 13,375 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിറുത്തി.കൊല്ലത്ത് കോൺഗ്രസിന്റെ അഡ്വ. ബിന്ദു കൃഷ്ണ സി.പി.എമ്മിലെ എസ്. ജയമോഹനെ 16,830 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

ചിറയിൻകീഴിൽ കോൺഗ്രസിന്റെ രമ്യ ഹരിദാസ് സി.പി.ഐയിലെ മനോജ് എടമനയെ 1,422 വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ, കൊങ്ങാട് മണ്ഡലത്തിൽ ചരിത്രാദ്ധ്യാപികയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ തുളസി ടീച്ചർ സിറ്റിംഗ് എം.എൽ.എ കെ. ശാന്തകുമാരിയെ 3,706 വോട്ടുകൾക്ക് തോൽപ്പിച്ചു. നാട്ടികയിൽ സി.പി.ഐയിലെ ഗീത ഗോപി കോൺഗ്രസിലെ അഡ്വ. സുനിൽ ലാലൂരിനെ 7,093 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയം നിലനിറുത്തി.