ഫേസ്ബുക്ക് പ്രണയം വീട്ടുകാർ എതിർത്തു; കാമുകനുമായി കേരളത്തിൽ അഭയം തേടി 'മോണാലിസ'

Wednesday 11 March 2026 3:30 PM IST

തിരുവനന്തപുരം: മഹാകുംഭമേളയ്ക്കിടെ സാമൂഹികമാദ്ധ്യമങ്ങളിൽ താരമായ 'മൊണാലിസ’ എന്ന ഇൻഡോർ സ്വദേശിയായ മോനി ഭോസ്‌ലെ കാമുകനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. കാമുകൻ ഫർമാൻ ഖാനൊപ്പമാണ് യുവതി എത്തിയത്. ഒന്നരവർഷം മുൻപ് ഫേസ്ബുക്കിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാർ എതിർത്തതിനെ തുടർന്ന് സുരക്ഷിതമായ ഇടമെന്ന നിലയിൽ ഇരുവരും കേരളത്തിലേക്ക് അഭയം തേടുകയായിരുന്നു.

മദ്ധ്യപ്രദേശ് ഇൻഡോർ സ്വദേശിയാണ് മോനി. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും എന്നാൽ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മോനി പൊലീസിനോട് വെളിപ്പെട്ടുത്തി. പൂവാറിൽ സിനിമ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് താരം കാമുകനൊപ്പം സ്റ്റേഷനിലെത്തിയത്. യുവതിയുടെ പരാതിയെത്തുടർന്ന് പിതാവ് ജയ് സിംഗ് ഭോസ്‌ലെ തമ്പാനൂർ പൊലസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണിയ്ക്ക് 18 വയസ് പൂർത്തിയായതിനാൽ ആർക്കൊപ്പം ജീവിക്കണമെന്ന തീരുമാനിക്കാനുള്ള നിയമപരമായ അവകാശം ഉണ്ടെന്നും പൊലീസ് വീട്ടുകാരെ ബോദ്ധ്യപ്പെടുത്തി. പിന്നാലെ യുവതി കാമുകനൊപ്പം പോകുകയായിരുന്നു.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയ്ക്കിടെയാണ് മോനി സോഷ്യൽമീഡിയയുടെ കണ്ണിൽ ഉടക്കുന്നത്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ദ ഡയറി ഒഫ് മണിപ്പൂർ എന്ന ബോളിവുഡ് ചിത്രത്തിൽ മൊണാലിസ നായികയായി അഭിനയിക്കുന്നതായി പിന്നീട് വാർത്തകൾ വന്നു. സിനിമയ്ക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവമാണ്. ബോബി ചെമ്മണ്ണൂർ ജുവലറിയുടെ ബ്രാന്റ് അംബാസിഡറായി മൊണാലിസ കേരളത്തിൽ എത്തിയതും വാർത്തയിൽ ഇടംപിടിച്ചിരുന്നു.