തദ്ദേശ ഇലക്ഷനിൽ യു ഡി എഫ് നേടിയത് ചരിത്ര വിജയം, നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി

Monday 19 January 2026 6:41 PM IST

കൊച്ചി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു,​ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. എറണാകുളത്ത് കെ.പി.സി.സി സംഘടിപ്പിച്ച മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയത് ചരിത്രവിജയമാണ്. ജനാധിപത്യത്തിന്റെ അടിത്തറയാണ് ഗ്രാമ പഞ്ചായത്തുകൾ. നമ്മുടെ വിജയം നന്നായി കുറിക്കപ്പെട്ടത് പഞ്ചായത്തുകളിലാണെന്നത് അഭിമാനം നൽകുന്നു. വോട്ട് ഓരോ പൗരന്റെയും അവകാശമാണ്. അത് സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. ആർ.എസ്.എസും ബി.ജെ.പിയും ഭരണത്തിൽ കേന്ദ്രീകരണം നടത്തുമ്പോൾ കോൺഗ്രസ് വികേന്ദ്രീകരണത്തിനാണ് ശ്രമിക്കുന്നത്. രാജ്യത്തെ മുഴുവൻ സ്വത്തും രാജ്യത്തിന് അഭിമാനമായതെല്ലാം വളരെ കുറച്ച് ആളുകളിലേക്ക് ഒതുങ്ങണമെന്ന ആശയമാണ് ആർ.എസ്.എസിന്റേതും ബി.ജെ.പിയുടേതും. അത് സാദ്ധ്യമാകണമെങ്കിൽ ഇന്ത്യൻ ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കണം. അതിനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻവിജയം നേടും. കേരളത്തിൽ തൊഴിലില്ലായ്മയുടെ പ്രശ്നം അതിരൂക്ഷമാണ്. തൊഴിലില്ലായ്മയെ തുടർമ്മ യുവജനത നാടുവിടുന്നത് വേദനയുണ്ടാക്കുന്നു. വിദേശത്ത് ചെയ്യുന്നതെല്ലാം അവർക്ക് നാട്ടിലും ചെയ്യാൻ പറ്റുന്ന സ്ഥിതിയുണ്ടാകണം. അതിനുള്ള കാഴ്ചപ്പാട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഉണ്ട്. കേരളത്തിലെ യു.ഡി,​എഫ് കോൺഗ്രസ് നേതാക്കൾ ജനങ്ങളോട് ചേർന്ന് പ്രവർത്തിക്കുമെന്ന വിശ്വാനം തനിക്കുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.