കുളിക്കുന്നതിനിടെ റഷ്യന്‍ വിനോദസഞ്ചാരി കടലില്‍ മുങ്ങിത്താണു; രക്ഷകരായത് മലയാളികള്‍

Friday 09 January 2026 10:27 PM IST

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താണ വിനോദസഞ്ചാരിക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍. തിരുവനന്തപുരം കോവളത്താണ് സംഭവം. റഷ്യയില്‍ നിന്ന് കേരളത്തിലെത്തിയ ആന്ദ്രെ എന്ന സഞ്ചാരിയാണ് അപകടത്തില്‍പ്പെട്ടത്. കടലില്‍ അതിരൂക്ഷമായ അടിയൊഴുക്കുണ്ടായിരുന്നതിനെ തുടര്‍ന്നാണ് കുളിക്കാനിറങ്ങിയ ഇദ്ദേഹം മുങ്ങിപ്പോയത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് അപകടം സംഭവിച്ചത്.

ലൈറ്റ് ഹൗസ് ബീച്ചിലാണ് ആന്ദ്രെ കുളിക്കാനിറങ്ങിയത്. അടിയൊഴുക്ക് അതിശക്തമായിരുന്നുവെന്ന കാര്യം അറിയാതെയാണ് കുളിക്കാനായി ഇറങ്ങിയത്. കൈയുയര്‍ത്തി സഹായം അഭ്യര്‍ത്ഥിച്ച സഞ്ചാരിയെ ബീച്ചിലുണ്ടായിരുന്ന ലൈഫ്ഗാര്‍ഡ് സൂപ്പര്‍വൈസര്‍ സുന്ദരേശന്‍, അഖില്‍ എം.നായര്‍, ജി. ഷാജി എന്നിവര്‍ നീന്തിയെത്തി രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു.

ഇദ്ദേഹത്തിന് ആവശ്യമായ പ്രഥമ ശുശ്രൂഷയും നല്‍കി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ പത്തിലധികം പേരാണ് ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കുന്നതിനിടയില്‍ അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്നതെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറഞ്ഞു.