രാജുവിന്റെ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിച്ച് മകൾ വിവാഹ മണ്ഡപത്തിലേയ്ക്ക്; ശ്രീലക്ഷ്മി വിവാഹിതയായി
തിരുവനന്തപുരം: അച്ഛന്റെ മനസ് തന്നോടൊപ്പം ഉണ്ടെന്ന ആത്മബലത്തിൽ ശ്രീലക്ഷ്‌മി സുമംഗലിയായി. തിരുവനന്തപുരം വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് രാവിലെ ശിവഗിരിയിലെ ശാരദാ മഠത്തിൽ വച്ച് നടന്നു. ചെറുമയ്യൂർ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. കല്യാണത്തിന് മുൻപ് അച്ഛന്റെ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിച്ച ശേഷമാണ് മകൾ വിവാഹ മണ്ഡപത്തിലേയ്ക്ക് എത്തിയത്. ചെറിയ രീതിയിലാണ് വിവാഹ ചടങ്ങ് നടന്നത്.
വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കഴിഞ്ഞ മാസം 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തുടർന്ന് അന്ന് മാറ്റിവച്ച വിവാഹമാണ് ഇപ്പോൾ നടന്നത്. രാജുവിന്റെ മരണ ശേഷം ശ്രീലക്ഷ്മിയുടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകി വിനുവും കുടുംബവും ഒപ്പം ഉണ്ടായിരുന്നു.
വടശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ ജി രാജുവാണ് കൊല്ലപ്പെട്ടത്. വിവാഹാലോചന നിരസിച്ചതിനാണ് വിവാഹത്തലേന്ന് അർദ്ധരാത്രി മകളുടെ മുന്നിലിട്ട് പിതാവിനെ അടിച്ചുകൊന്നത്. സംഭവത്തിൽ അയൽവാസികളായ വടശേരിക്കോണം ജെ.ജെ. പാലസിൽ ജിഷ്ണു(26), സഹോദരൻ ജിജിൻ(25), സുഹൃത്തുക്കളായ വടശേരിക്കോണം മനുഭവനിൽ മനു(26), കെ.എസ്.നന്ദനത്തിൽ ശ്യാംകുമാർ(26) എന്നിവർ അറസ്റ്റിലായിരുന്നു.
ഒന്നരവർഷത്തിനിടെ പലതവണ ശ്രീലക്ഷ്മിയെ വിവാഹം ആലോചിച്ച് ജിഷ്ണു എത്തിയിരുന്നു. എന്നാൽ മയക്കുമരുന്നിന് അടിമയും ക്രിമിനലുമായ ജിഷ്ണുവിന് മകളെ നൽകാൻ രാജു തയ്യാറല്ലായിരുന്നു. ഇരുവരും വ്യത്യസ്ത സമുദായക്കാരുമാണ്. ശ്രീലക്ഷ്മിക്കും താത്പര്യമില്ലായിരുന്നു. എം.എസ്‌സി ജിയോളജിക്കാരിയാണ് ശ്രിലക്ഷ്മി. ജിഷ്ണുവിന് പറയത്തക്ക വിദ്യാഭ്യാസമില്ല.
വെള്ള ഫോക്‌സ് വാഗൺ കാറിലാണ് പ്രതികൾ വീട്ടുമുറ്റത്തെത്തിത്. കാറിൽ ഉച്ചത്തിൽ പാട്ടും വച്ചു. ഇത് കേട്ട് പുറത്തിറങ്ങിയ രാജുവിന്റെ ഭാര്യ ജയയെയും ശ്രീലക്ഷ്മിയെയും സംഘം ആക്രമിച്ചു. ജിഷ്ണു ശ്രീലക്ഷ്മിയെ അടിച്ചുവീഴ്ത്തി മുഖം തറയിലുരച്ചു. ഇതു കണ്ടെത്തിയ രാജുവിനെയും അടിച്ചു വീഴ്ത്തി. ഇവരുടെ നിലവിളികേട്ട് തൊട്ടടുത്ത വീട്ടിലുള്ള രാജുവിന്റെ സഹോദരീ ഭർത്താവ് ദേവദത്തനും മകൾ ഗുരുപ്രിയയും ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോൾ ഇവരെയും മർദ്ദിച്ചു. ആദ്യം ദേവദത്തനെയും പിന്നാലെ രാജുവിനെയും മൺവെട്ടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അയൽവാസികളെത്തി വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു.