യു.ഡി.എഫിന് അനുകൂലമായി ജെൻസി പവറും വനിതകളും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമായതിനു പിന്നിൽ ജെൻസി പവറും സ്ത്രീകളുമെന്ന് വിലയിരുത്തൽ. വോട്ടേഴ്സ് ലിസ്റ്രിൽ നാല് ലക്ഷം കന്നി വോട്ടർമാരുണ്ടായിരുന്നു. ജെൻസി വോട്ടുകൾ എങ്ങോട്ട് മറിയും എന്നതായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ പ്രധാന ആകാംക്ഷ. ഫലം വന്നപ്പോൾ വ്യക്തമായത് നാല് ലക്ഷത്തിൽ ഭൂരിഭാഗവും മാറ്റം എന്ന ലക്ഷ്യത്തോടെ യു.ഡി.എഫിന് ഒപ്പം നിന്നു എന്നതാണ്. പല പ്രതികരണങ്ങളിലും യുവ വോട്ടർമാർ ഭരണമാറ്റം പ്രതീക്ഷിക്കുന്നെന്ന് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രസംഗങ്ങളോ വാഗ്ദാനങ്ങളോ അല്ല യുവാക്കളെ സ്വാധീനിച്ചത്. തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്ന ഒരു ഭരണകൂടം വേണം എന്നതായിരുന്നു അവരുടെ അഭിപ്രായം. ഞങ്ങൾക്ക് വേണ്ടത് ഒരു "സ്റ്റാറ്റസ് കോ "അല്ല, പകരം അപ്ഡേഷൻ ആണ് എന്നതായിരുന്നു യുവ വോട്ടർമാരുടെ ലൈൻ. യു.ഡി.എഫിന്റെ പ്രകടന പത്രികയും യുവാക്കളെ സ്വാധീനിച്ചു. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര,സ്ത്രീകൾക്കും കുട്ടികൾക്കുമായി ഷീ ഹോസ്പിറ്റലുകൾ,ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിക്കും,കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, വയനാട്ടിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രൈബൽ യൂണിവേഴ്സിറ്റി, ക്യാമ്പസുകളിലെ റാഗിംഗും വിവേചനവും തടയും. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ പഠിക്കാനുള്ള ജോബ് വാച്ച് ടവർ തുടങ്ങിയ വാഗ്ദാനങ്ങൾ യുവാക്കളിലും സ്ത്രീകളിലും വലിയ സ്വാധീനം ചെലുത്തി. സോഷ്യൽ മീഡിയകളിൽ യു.ഡി.എഫ് നടത്തിയ ക്രിയേറ്റീവ് പ്രചാരണങ്ങളും യുവ വോട്ടർമാരുടെ ഉള്ളിൽതൊട്ടു.