വൈഷ്ണ സുരേഷിന് മത്സരിക്കാം, നിർണായക ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ, വോട്ട് നീക്കിയ നടപടി റദ്ദാക്കി

Wednesday 19 November 2025 7:01 PM IST

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് നീക്കിയ നടപടി റദാക്കി. ഇതോടെ വൈഷ്ണ സുരേഷിന് മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക നൽകാം.

വോട്ടർപട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നും വൈഷ്ണ സുരേഷ് ആവശ്യപ്പെട്ടിരുന്നു .

വൈഷ്ണയുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹർജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതുമാണ്. രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ വൈഷ്ണ നല്‍കിയ അപ്പീലിൽ 19-നകം ജില്ലാ കളക്ടർ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചിരുന്നു.