മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവി എന്താകും?​: ചോദ്യവുമായി കെ കെ ശൈലജ

Saturday 09 May 2026 3:54 PM IST

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയിട്ടും കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുടെ പേരിൽ നടക്കുന്ന ചരടുവലികളെ വിമർശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം കെ കെ ശൈലജ. ജനവിധിയെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവിയിൽ ഗവൺമെന്റിന് ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോ? മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എൽഡിഎഫിന്റെ പരാജയകാരണങ്ങൾ വിലയിരുത്തി ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടും രാഷ്ട്രീയ സംഭവവികാസങ്ങൾ ശരിയായി ചർച്ച ചെയ്തും ഞങ്ങൾ മുന്നോട്ടുപോകും.- ശൈലജ പറഞ്ഞു. എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവൺമെന്റ് രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും അവർ കുറ്റപ്പെടുത്തി.