വില കുറഞ്ഞിട്ടും കേരളത്തില്‍ ഭൂമി വില്‍പ്പന നടക്കുന്നില്ല; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സംഭവിക്കുന്നത്

Saturday 09 May 2026 12:08 AM IST

തിരുവനന്തപുരം: വര്‍ഷത്തിലെ ഒട്ടുമിക്ക ദിവസങ്ങളിലും കേരളത്തില്‍ ഭൂമി ഇടപാടുകള്‍ നടക്കാറുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയും അനുബന്ധ പ്രവര്‍ത്തനങ്ങളും വളരെ സജീവമാണ് കേരളത്തില്‍. ഈ മേഖലയിലെ ട്രെന്‍ഡുകള്‍ മാറുന്നതും പുതിയ കാര്യമല്ല. അടുത്ത കാലത്ത് വരെ സംസ്ഥാനത്ത് ഭൂമി ഇടപാടുകള്‍ കൂടുതലായിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി അതല്ല. വില കുറച്ച് വില്‍ക്കാന്‍ തയ്യാറായാല്‍ പോലും ഭൂമി വില്‍പ്പന എളുപ്പത്തില്‍ നടക്കുന്നില്ല എന്നതാണ് അവസ്ഥ.

ഒരു ഘട്ടത്തില്‍ സംസ്ഥാനത്ത് ഗ്രാമ നഗര വ്യത്യാസമില്ലാതെ ഭൂമി വില ഉയര്‍ച്ചയിലായിരുന്നു. വില കൂടുതലായിട്ട് പോലും ആളുകള്‍ സ്ഥലം വാങ്ങിക്കൂട്ടി. നിക്ഷേപമെന്ന നിലയിലും വീട്, ബിസിനസ് ആവശ്യങ്ങള്‍ക്കായും ഭൂമി വാങ്ങുന്നത് വ്യാപകമായിരുന്നു. സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ക്ക് കിലോമീറ്ററുകള്‍ ദൂരെ പോലും വികസനപ്രതീക്ഷയില്‍ ഭൂമി വില്‍പ്പന പൊടിപൊടിച്ചു. ബില്‍ഡര്‍മാരും മറ്റ് വന്‍കിട ഗ്രൂപ്പുകള്‍ പോലും ഭൂമി വാങ്ങിക്കൂട്ടിയിരുന്നു.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പോലും ഭൂമി വില്‍പ്പന കുത്തനെ താഴേക്ക് പോയിട്ടുണ്ട്. ഇതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഓരോ പ്രദേശത്തിന്റേയും വികസന സാദ്ധ്യത കണക്കിലെടുത്താണ് ആ മേഖലയില്‍ ആളുകള്‍ സ്ഥലം വാങ്ങിയിരുന്നത്. പ്ലോട്ട് തിരിച്ച് ഭവന നിര്‍മാണത്തിനായി മറിച്ച് വില്‍ക്കുകയും ലാഭം കൊയ്യുകയും ചെയ്യുന്നതായിരുന്നു ഒരു രീതി. വാങ്ങിയ ഭൂമി ഡിമാന്‍ഡ് കൂടുന്നത് വരെ വെറുതേ ഇട്ടിരുന്നതിന് ശേഷം മറിച്ച് വില്‍ക്കുന്നതാണ് മറ്റൊരു രീതി.

രണ്ടാമത്തെ രീതിയെ നിക്ഷേപമെന്ന നിലയ്ക്കുള്ള ഭൂമിവാങ്ങലായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ താത്പര്യം നന്നേ കുറവാണ്. ഓണ്‍ലൈന്‍ ട്രേഡിംഗ്, സ്വര്‍ണത്തിലെ നിക്ഷേപം എന്നിവയിലാണ് പുതുതലമുറ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. പുതുതലമുറയ്ക്ക് നാട്ടില്‍ നില്ക്കാന്‍ താല്പര്യമില്ല. മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുവന്ന് നാട്ടിലെ വീടും പറമ്പും വില്‍ക്കാനാണ് പലര്‍ക്കും താത്പര്യം. നാട്ടിലേക്ക് തിരിച്ചുവരാന്‍ താല്പര്യമില്ലാത്ത തലമുറ ഭൂമി വിറ്റ് ഒഴിവാക്കുന്നതും വില കുറയുന്നതിന് കാരണമായിട്ടുണ്ട്.