സ്വർണ പുനരുപയോഗത്തിന് നയം വേണം

Tuesday 12 May 2026 12:13 AM IST

കൊച്ചി: ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിന് പകരം ജനങ്ങളുടെ കൈവശമുള്ള സ്വർണം പുനരുപയോഗത്തിന് സാദ്ധ്യമാകുന്ന തരത്തിൽ നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ബുള്ളിയൻ ബാങ്ക് രൂപീകരിച്ച് നിയമപരവും വ്യവസ്ഥാപിതവുമായ രീതിയിൽ ഫലപ്രദമായി നടപ്പിലാക്കിയാൽ അനാവശ്യമായ സ്വർണ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും കഴിയും. ഇതോടൊപ്പം ആഭരണ ആവാസവ്യവസ്ഥയിൽ ബിസിനസ് തുടർച്ചയും തൊഴിൽ സംരക്ഷണവും ഉറപ്പിക്കാനാകും. ഇന്ത്യയിൽ സ്വർണം വെറും ഉപഭോഗം മാത്രമല്ല സമ്പാദ്യം, സുരക്ഷ, സംസ്‌കാരം, സ്ത്രീ ശാക്തീകരണം, തൊഴിൽ തുടങ്ങി ദശലക്ഷക്കണക്കിന് കുടുംബങ്ങളുമായി ബന്ധപ്പെടുന്ന ഒരു സാമ്പത്തിക ആവാസവ്യവസ്ഥയാണ്. സ്വർണ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നിലപാടെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി. കൃഷ്ണദാസ് എന്നിവർ പറഞ്ഞു.