ഇനി ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും; ലക്ഷ്യ സ്ഥാനങ്ങളെല്ലാം ഒറ്റയടിക്ക് തകർക്കും അഗ്നി - 5

Monday 11 May 2026 10:55 AM IST

ന്യൂഡൽഹി: എംഐആർവി സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച അത്യാധുനിക അഗ്നി - 5 മിസൈൽ പരീക്ഷണം വിജയകരം. ഡോ. എപിജെ അബ്‌ദുൾ കലാം ഐലന്റിൽ നിന്ന് വിക്ഷേപിച്ച ഈ മിസൈൽ ഇന്ത്യൻ മഹാസമുദ്രത്തിലെ അതീവ രഹസ്യമായ ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി ഭേദിച്ചു എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. 5,000 കിലോമീറ്ററിന് മുകളിൽ ദൂരപരിധി ഈ മിസൈലിനുണ്ട്.

പരമ്പരാഗത മിസൈലുകൾ ഒരു ലക്ഷ്യസ്ഥാനത്തേക്ക് മാത്രമാണ് പോർമുന വഹിക്കുന്നത്. എന്നാൽ എംഐആർവി സാങ്കേതികവിദ്യ ഇതിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്. ഒരു മിസൈൽ ഒരേസമയം ഒന്നിലധികം ആണവ പോർമുനകളെ വഹിക്കുകയും അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ വച്ച് അവയെ വേർപെടുത്തുകയും ചെയ്യുന്നു. ഈ പോർമുനകൾക്ക് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള വ്യത്യസ്ഥ ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം തകർക്കാൻ സാധിക്കും.

പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത അവിയോണിക്‌സ് സിസ്റ്റങ്ങളും അതീവ കൃത്യതയുള്ള സെൻസർ പാക്കേജുകളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 2024ലാണ് അഗ്നി - 5ന്റെ ആദ്യ പരീക്ഷണം. ഇന്ത്യയുടെ വനിതാ ശാസ്‌ത്രജ്ഞരാണ് ഇതിന് നേതൃത്വം നൽകിയത്. മൂന്ന് ഘട്ടങ്ങളായുള്ള ഖര ഇന്ധന എഞ്ചിനാണ് മിസൈലിന് കരുത്ത് പകരുന്നത്. ഈ പരീക്ഷണ വിജയത്തോടെ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ അ‌ഞ്ച് രാജ്യങ്ങൾക്കൊപ്പം ഈ സവിശേഷ സാങ്കേതികവിദ്യ കൈവശമുള്ള രാജ്യമായി ഇന്ത്യയും മാറിയിരിക്കുകയാണ്.