നടനും നർത്തകനുമായ ഭരത് കാന്ത് വാഹനാപകടത്തിൽ മരിച്ചു
ഹൈദരാബാദ്: വാഹനാപകടത്തിൽ തെലുങ്ക് നടൻ കെ ഭരത് കാന്തിന് (31) ദാരുണാന്ത്യം. തെലങ്കാനയിലെ ആദിബദ്ലയിൽ ഔട്ടർ റിംഗ് റോഡിന് സമീപത്തായി ഇന്നലെയാണ് അപകടമുണ്ടായത്. ഭരതിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജി സായ് ത്രിലോകും (31) അപകടത്തിൽ മരിച്ചു. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്.
ഭരത് കാന്താണ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ മുന്നിലൂടെ പോവുകയായിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഭരതും സുഹൃത്തും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഭിനേതാവിന് പുറമെ മികച്ച നർത്തകനും കണ്ടന്റ് ക്രിയേറ്ററുമായിരുന്നു ഭരത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്ന ഭരതിന് ഇൻസ്റ്റാഗ്രാമിൽ 40,000 ഫോളോവേഴ്സും യൂട്യൂബിൽ 30,000 സബ്സ്ക്രൈബേഴ്സുമുണ്ട്. സിനിമകൾക്ക് പുറമെ ധാരാളം ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.