രാജ്യത്ത് എൽപിജി, ഇന്ധന ക്ഷാമമോ? ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന, പാചക വാതക ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഉയർന്ന ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്രസർക്കാർ. നിലവിൽ രാജ്യത്ത് പാചക വാതകത്തിനും ഇന്ധനത്തിനും ക്ഷാമം ഇല്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഇന്ത്യയിൽ 60 ദിവസത്തെ അസംസ്കൃത എണ്ണയും 60 ദിവസത്തെ പ്രകൃതി വാതകവും 45 ദിവസത്തെ എൽ.പി.ജിയും സ്റ്റോക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകിയത് ജാഗ്രതയ്ക്കുള്ള സന്ദേശം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദീർഘകാല പ്രതിസന്ധി ഒഴിവാക്കാനുള്ള ജാഗ്രതാ നിർദ്ദേശം മാത്രമാണ് നൽകിയത്. ഗൾഫ് മേഖലയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ഇ- വാഹനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ധന ഉപയോഗത്തിൽ കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണം എന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. ആഗോള തടസങ്ങളും വെല്ലുവിളികളും നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ പുതിയ സാമ്പത്തിക നയങ്ങളും നിർദ്ദേശിച്ചു. ഹൈദരാബാദിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി വിദേശയാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും അടുത്ത വർഷം അത്യാവശ്യമില്ലാതെ സ്വർണം വാങ്ങരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ധന ഉപഭോഗം കുറയ്ക്കാൻ മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണം. കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കണം. ചരക്കുനീക്കത്തിന് റെയിൽവേയ്ക്ക് മുൻഗണന നൽകണം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണം. വർക്ക് ഫ്രം ഹോം, വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.