വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ പ്രോട്ടോക്കോൾ ലംഘനമെന്ന് വിവാദം; സൈബർ പോരിൽ ഡിഎംകെയും ടിവികെയും

Sunday 10 May 2026 5:14 PM IST

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം സാക്ഷിയാക്കിയാണ് തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചെന്നൈയിൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആയിരക്കണക്കിന് ആരാധകരും രാഷ്ട്രീയ നേതാക്കളുമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ സത്യപ്രതിജ്ഞാ ചടങ്ങിലെ കീഴ്‌വഴക്കങ്ങളിൽ വന്ന മാറ്റമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുന്നത്. സാധാരണയായി തമിഴ്നാട്ടിലെ സർക്കാർ ചടങ്ങുകൾ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്‌ത്തോ'ടു കൂടിയാണ് ആരംഭിക്കാറുള്ളത്. എന്നാൽ 'വന്ദേമാതരം' ആലപിച്ചു കൊണ്ടായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. ഇതിന് പിന്നാലെ ദേശീയഗാനവും തുടർന്ന് തമിഴ് തായ് വാഴ്ത്തും ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ഈ നീക്കം ബിജെപിയെ പ്രീതിപ്പെടുത്താനെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഡിഎംകെയും ടിവികെയും തമ്മിൽ സൈബർ ഇടത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

നിലവിൽ ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും 'വന്ദേമാതരം' ആലപിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ അനുകൂലികൾ രംഗത്തെത്തിയത്. ഇതിന് മറുപടിയായി, 2021ലെ സ്റ്റാലിന്റെ സത്യപ്രതിജ്ഞാ വീഡിയോയും ടിവികെ ഹാൻഡിലുകൾ പുറത്തുവിട്ടു. സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കെ ഗവർണർ അർലേക്കർ ചുമതലയേറ്റ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നുവെന്നും, ഇതിൽ പുതുമയൊന്നുമില്ലെന്നുമാണ് ടിവികെയുടെ വാദം.

അതേസമയം, വിഷയത്തിൽ കടുത്ത വിയോജിപ്പുമായി സി.പി.ഐയും രംഗത്തെത്തി. തമിഴ്നാടിന്റെ രാഷ്ട്രീയ പാരമ്പര്യം ഇതല്ലെന്നും 'തമിഴ് തായ് വാഴ്ത്ത്' മൂന്നാമതായി പോയത് പ്രോട്ടോക്കോൾ ലംഘനമാണെന്നും സിപിഐ ആരോപിച്ചു. പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ കാരണമെന്തെന്ന് വ്യക്തമാക്കണമെന്നും, നിയമസഭയിൽ തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം ആലപിക്കണമെന്നും സി.പി.ഐ ശക്തമായി ആവശ്യപ്പെട്ടു.