അതീവ ജാഗ്രതയിൽ ഡൽഹി നഗരം; ബിജെപി ആസ്ഥാനത്തടക്കം സ്‌ഫോടനത്തിന് സാദ്ധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തീവ്രവാദികൾ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സൂചന. ഇതിന്റെ ഭാഗമായി ഡൽഹി നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ദീൻ ദയാൽ ഉപാദ്ധ്യായ മാർഗിലുള്ള ബിജെപി ആസ്ഥാനത്തിലും സമീപത്തുള്ള സർക്കാർ സ്ഥാപനങ്ങളിലും സ്‌ഫോടനം നടത്താൻ പദ്ധതിയിടുന്നു എന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഇതോടെ ഡൽഹി പൊലീസടക്കമുള്ള വിവിധസേനകളിലുള്ള ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് പരിശോധന നടത്തുന്നുണ്ട്.
പ്രദേശത്തെ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്. മദ്ധ്യഡൽഹിയിലെ തിരക്കേറിയ പ്രദേശങ്ങളിലും ഓഫീസുകളിലും ചാവേർ ആക്രമണങ്ങൾ, ഐഇഡി ഉപയോഗിച്ചുള്ള ആക്രമണങ്ങൾ, വെടിവയ്‌പ്പ് എന്നിവ നടത്താൻ സാദ്ധ്യതയുണ്ടെന്നാണ് ഏജൻസികളുടെ മുന്നറിയിപ്പ്.
ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡ്, സ്‌നിഫർ ഡോഗ് യൂണിറ്റ്, ഡൽഹി ഫയർ സർവീസ് ഉൾപ്പെടെയുള്ള ദ്രുത പ്രതികരണ സംഘങ്ങളോട് ജാഗ്രത പാലിക്കാൻ ഉന്നത വൃത്തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംശയം തോന്നുന്ന ആളുകൾ, ശ്രദ്ധിക്കപ്പെടാത്ത വസ്‌തുക്കൾ, പ്രധാനയിടങ്ങളിൽ പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങൾ എന്നിവ കണ്ടാൽ പരിശോധന നടത്തണമെന്നാണ് സേനകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും നഗരത്തിലുടനീളമുള്ള സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.