നിറകണ്ണുകളോടെ വിജയ്‌യെ നോക്കി തൃഷ: സത്യപ്രതിജ്ഞയ്ക്കിടെയുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറൽ

Monday 11 May 2026 11:28 AM IST

ചെന്നൈ: തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു തെന്നിന്ത്യൻ താരം തൃഷ. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിനെത്തിയ തൃഷയുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ സത്യപ്രതിജ്ഞയ്ക്കിടെ വികാരഭരിതയായ തൃഷയുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തൃഷയുടെ കണ്ണുകൾ നിറയുന്നതും നിറകണ്ണോടെ വിജയ്‌യെ നോക്കുന്നതും ദൃശ്യങ്ങളിൾ കാണാം . സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും പുഞ്ചിരിയോടെയാണ് തൃഷ സദസ്സിലിരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്ന വീഡിയോകളിൽ തൃഷയെ വിമർശിച്ചും അനുകൂലിച്ചും കമന്റുകളുണ്ട്.

അതേസമയം,​ സ്റ്റേഡിയത്തിലേക്ക് എത്തിയ തൃഷ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണവും ശ്രദ്ധേയമാവുകയാണ്. തമിഴ്നാടിന്റെ വമ്പൻ ദിനം എന്ന് പറഞ്ഞ മാദ്ധ്യമപ്രവർത്തകനോട് ‘ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്ന മറുപടി നൽകിയാണ് തൃഷ വേദിയിലെത്തിയത് .

നേരത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്‌യെ അഭിനന്ദിക്കാനായി തൃഷ നടന്റെ വീട്ടിലെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന അന്ന് പുലർച്ചെ തൃഷ തിരുപ്പതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതും വാർത്തയായിരുന്നു. ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ ധരിച്ചായിരുന്നു തൃഷ ക്ഷേത്രത്തിലെത്തിയത്. തിരഞ്ഞെടുപ്പ് ദിവസവും തൃഷ വിജയ്‌ക്കുള്ള പിന്തുണ വ്യക്തമാക്കിയിരുന്നു.

രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളിലൊന്നാണ് വിജയിയും തൃഷയും. 2004ൽ പുറത്തിറങ്ങിയ 'ഗില്ലി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തുടങ്ങിയ ഇവരുടെ കൂട്ടുകെട്ട് തിരുപ്പാച്ചി, ആദി, കുരുവി, ഒടുവിൽ പുറത്തിറങ്ങിയ ലിയോ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക‌രുടെ പ്രിയമായി മാറുകയായിരുന്നു.