ഇസ്രയേലിന്റെ 'ആ രഹസ്യ ബുദ്ധി' അറിഞ്ഞ് അമ്പരന്ന് ഇറാൻ, കണ്ടെത്തിയത് ഒരു ആട്ടിടയൻ
ടെഹ്‌റാൻ: മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം ഇനിയും അവസാനിച്ചിട്ടില്ല. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പൽ വ്യാപാരം പൂർവസ്ഥിതിയിലാകാത്തതിനാൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ഇന്ധന, പാചകവാതക വിലക്കയറ്റത്തിൽ കഷ്‌ടപ്പെടുകയാണ്. അമേരിക്കയ്‌ക്കെതിരെ ഗൾഫ് രാജ്യങ്ങളിൽ വ്യാപക ആക്രമണം നടത്തുകയാണ് ഇറാൻ. ഇതിനിടെ ഇറാനെ വല്ലാതെ അമ്പരപ്പിച്ച ഒരു കണ്ടെത്തൽ ഉണ്ടായിരിക്കുകയാണ് തൊട്ടടുത്തുള്ള രാജ്യമായ ഇറാഖിൽ. പടിഞ്ഞാറൻ മരുഭൂമി പ്രദേശത്ത് തുടർച്ചയായി ഹെലികോപ്റ്ററുകൾ ഏറെ താഴ്‌ന്നുപറക്കുന്നത് ശ്രദ്ധയിൽ പെട്ട ഇറാഖിലെ ഒരു ആട്ടിടയൻ അവിടെ ഒരു സൈനിക ബേസ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി.
ഇസ്രയേലിന്റെ സൈനിക ക്യാമ്പ് ആയിരുന്നു അത്. ഇറാനിൽ അമേരിക്കക്കൊപ്പം ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് സഹായമായി പ്രവർത്തിക്കാനാണ് അവർ ഇറാഖിൽ ഒരു സൈനിക ക്യാമ്പ് തന്നെ തുടങ്ങിയത്. ഫെബ്രുവരി 28ന് സംഘർഷം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഇസ്രയേൽ രഹസ്യമായി ഒരു ക്യാമ്പ് ഇവിടെ തുടങ്ങിയത്. അമേരിക്ക ഇക്കാര്യം നേരത്തെ കണ്ടെത്തി. പക്ഷെ സ്വന്തം രാജ്യത്തെ കാര്യം ഇറാഖ് അറിഞ്ഞതേയില്ല.
ഇസ്രയേലി സ്‌പെഷ്യൽ ഫോഴ്‌സ് ഇവിടെയിരുന്ന് വ്യോമാക്രമണത്തിന് വേണ്ട കൃത്യമായ നിർദ്ദേശം നൽകി. ശത്രുരാജ്യത്ത് ഏതെങ്കിലും ഇസ്രയേലി പൈലറ്റിന് ആപത്തുണ്ടായാൽ ഉടൻ പ്രതിരോധിക്കാൻ അവർ തയ്യാറായിരുന്നു. അതിർത്തിയിൽ നിന്ന് 1000 കിലോമീറ്ററെങ്കിലും അകലെയാണ് ഇറാൻ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. ഇറാഖിലെ മരുഭൂമിയിൽ തന്നെ ഒരു ബേസ് ക്യാമ്പ് അവർക്ക് തുറക്കാനായതോടെ ഈ പ്രശ്‌നം അവർ മറികടന്നു.
മാർച്ച് മാസത്തിൽ തന്നെ ഇറാഖ് സൈന്യം ഈ ക്യാമ്പിനെക്കുറിച്ച് കണ്ടെത്തേണ്ടതായിരുന്നു. പ്രദേശത്ത് വലിയ സൈനിക നീക്കം ഒരു ആട്ടിടയൻ മനസിലാക്കി. ഇയാൾ അത് ഇറാഖ് സൈന്യത്തോട് വെളിപ്പെടുത്തി. അന്വേഷണത്തിനിറങ്ങിയ സൈനികർക്ക് നേരെ ഇസ്രയേൽ വമ്പൻ വ്യോമാക്രമണമാണ് നടത്തിയത്. സംഭവത്തിൽ ഒരു സൈനികൻ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതോടെ ഇറാഖ് ഭരണകൂടം രണ്ട് യൂണിറ്റ് സൈനികരെ കൂടി അയച്ചു. ഇവരാണ് പ്രദേശത്തെ തെളിവുകൾ ശേഖരിച്ചത്.
തുടർന്ന് ഐക്യരാഷ്‌ട്ര സഭയിൽ അമേരിക്കയ്‌ക്കെതിരെ പരാതിപ്പെട്ടു. എന്നാൽ ഐക്യരാഷ്‌ട്ര സഭയുടെ അന്വേഷണത്തിൽ ഇതിൽ അമേരിക്കയ്‌ക്ക് പങ്കില്ലെന്നും ഇസ്രയേലാണ് സൈനിക ബേസ് നിർമ്മിച്ചതെന്നും മനസിലായി. വളരെ വലുതും തീരെ ആൾപാർപ്പില്ലാത്തതുമായ ഭാഗമാണ് ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമി പ്രദേശം. പണ്ട് 1991ലും 2003ലും ഈ പ്രദേശത്ത് സമാനമായി അമേരിക്ക ക്യാമ്പ് ചെയ്‌തിരുന്നു.