SignIn
Kerala Kaumudi Online
Sunday, 10 May 2026 5.45 PM IST

സിറാജിനെ വിറപ്പിച്ച് കൗമാര താരം വൈഭവ്; പിന്നാലെ നെഹ്‌റയുടെ തന്ത്രത്തിൽ വിക്കറ്റ്, താരത്തിന്റെ ആഘോഷത്തിന് വിമർശനം

Increase Font Size Decrease Font Size Print Page
nehra-vaibhav-siraj

ജയ്‌പൂർ: ഐപിഎ‌ല്ലിലെ ഓരോ മത്സരങ്ങൾ കഴിയുംതോറും വിസ്മയമായി മാറുകയാണ് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സീനിയർ താരം മുഹമ്മദ് സിറാജിനെപ്പോലും വിറപ്പിച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇപ്പോഴിതാ വൈഭവിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ സിറാജ് നടത്തിയ അഗ്രഷൻ നിറഞ്ഞ ആഘോഷമാണ് ആരാധക‌‌‌ർക്കിടയിൽ ച‌‌ർച്ചയാകുന്നത്.

സിറാജിനെതിരെ വൈഭവ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് താരത്തെ പ്രകോപിപ്പിച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്‌സർ പായിച്ചും പിന്നീട് ഒരേ ഓവറിൽ മൂന്ന് ഫോറുകളടിച്ചും വൈഭവ് സിറാജിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. സാധാരണഗതിയിൽ ബാറ്റർമാർ ആധിപത്യം സ്ഥാപിക്കുന്നതിനിടെ ബൗളർമാർ വിക്കറ്റ് വീഴ്ത്തുമ്പോൾ ഇത്തരം വൈകാരിക പ്രതികരണങ്ങൾ നടത്താറുണ്ട്. എന്നാൽ, എതിരാളി ഒരു കുട്ടിയാകുമ്പോൾ അതിരുകടന്ന ആഘോഷങ്ങളിൽ അല്പം മയം കാണിക്കാമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

230 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നിലുണ്ടായിരുന്നത്. നേരിട്ട ആദ്യ പന്തിൽ സിക്‌സർ‌ പായിച്ചാണ് വൈഭവ് തുടങ്ങിയത്. പിന്നാലെ കഗിസോ റബാഡയെയും താരം സിക്‌സറടിച്ചു. മൂന്നാം ഓവറിൽ സിറാജിനെതിരെ മൂന്ന് ഫോറുകൾ കൂടി നേടിയതോടെ ഗുജറാത്ത് പാളയം പ്രതിരോധത്തിലായി. എന്നാൽ, ഗുജറാത്ത് പരിശീലകൻ ആശിഷ് നെഹ്റ നൽകിയ തന്ത്രപരമായ നിർദ്ദേശമാണ് ഒടുവിൽ ഫലം കണ്ടത്. മണിക്കൂറിൽ 146.6 കിലോമീറ്റർ വേഗതയിലെത്തിയ സിറാജിന്റെ ബൗൺസർ വൈഭവിനെ കുടുക്കുകയായിരുന്നു. ടോപ് എഡ്‌ജായ പന്ത് അർഷാദ് ഖാൻ കൈപ്പിടിയിലൊതുക്കിയതോടെ 16 പന്തിൽ 36 റൺസ് നേടി വൈഭവ് കൂടാരം കയറി. അതിനുശേഷമാണ് അതിരൂക്ഷമായ ആക്രോശത്തോടെ സിറാജ് വിക്കറ്റ് ആഘോഷമാക്കിയത്.


ഇതാദ്യമായല്ല വൈഭവിന് നേരെ ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നത്. അടുത്തിടെ റോയൽ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിൽ കൈൽ ജമീസണും സമാനമായ രീതിയിൽ വൈഭവിനെ പുറത്താക്കിയ ശേഷം അമിതമായി ആഘോഷിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ പെരുമാറ്റവും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു കുട്ടിയുടെ മുന്നിൽ തോൽക്കുന്നതുകൊണ്ടുള്ള നാണക്കേടാണോ സീനിയർ താരങ്ങളെ പ്രകോപിപ്പിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു.

ക്രിക്കറ്റിൽ അഗ്രഷൻ സ്വാഭാവികമാണെങ്കിലും, വൈഭവിനെപ്പോലൊരു കൗമാര താരത്തെ പ്രോത്സാഹാനം നൽകുന്നതിന് പകരം മാനസികമായി തളർത്തുന്ന രീതിയിലുള്ള ആക്രോശങ്ങൾ ശരിയല്ലെന്നാണ് പൊതുവികാരം. ലോകം വിസ്മയത്തോടെ ഉറ്റുനോക്കുന്ന പ്രതിഭയെ വിക്കറ്റെടുത്ത ശേഷം പരിഹസിക്കുന്ന രീതിയിലുള്ള ശരീരഭാഷ സിറാജിനെപ്പോലൊരു അന്താരാഷ്ട്ര താരത്തിന് ചേർന്നതല്ലെന്നും വിമർശനങ്ങൾ ഉയർന്നു.

TAGS: NEWS 360, SPORTS, IPL2026, VAIBHAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360