11 മണിക്കൂർ, 32 കിലോമീറ്റർ: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കയറി ദമ്പതികൾ
ബംഗളൂരു: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കടലിലൂടെ നിന്തിക്കയറി വൈറലായി ബംഗളൂരു സ്വദേശികളായ ടെക് ദമ്പതികൾ. ഡാനിഷ് അബ്ദി (30), വൃഷാലി പ്രസാദെ (31) എന്നിവരാണ് അപൂർവ നേട്ടത്തിനുടമകൾ. രാമസേതു പാതയിലൂടെ പത്ത് മണിക്കൂർ 45 മിനിറ്റ് കൊണ്ട് 32 കിലോമീറ്ററോളമാണ് ഇരുവരും നീന്തിയത്. ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഓപ്പൺ വാട്ടർ സ്വിമ്മിംഗ് നടത്തുന്ന ആദ്യത്തെ ദമ്പതികളാണ് ഇരുവരും.
പാരാമെഡിക്കൽ ടീം, കോസ്റ്റ് ഗാർഡ് എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു നീന്തൽ. കഴിഞ്ഞ ദിവസം പുലർച്ചെ 4.30 നാണ് നീന്തൽ ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് 3.15ന് ധനുഷ്‌കോടിയിലെത്തി. ദുഷ്‌കരമായ സാഹചര്യങ്ങൾ നേരിട്ട് നീന്തുന്ന ഇരുവരുടേയും വീഡിയോ പുറത്തുവന്നതോടെ സമൂഹ മാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.
മേയ് ഒന്നിന് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തി ഏഴ് വയസുള്ള ഇഷ്നാക് വാർത്തകളിൽ ഇടം നേടിയിരുന്നു. തലൈമന്നാറിനും ധനുഷ്‌കോടിക്കും ഇടയിലുള്ള 29 കിലോമീറ്റർ ഒമ്പത് മണിക്കൂർ 50 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി ഗിന്നസ് വേൾഡ് റെക്കാഡിൽ ഇടം നേടി ഈ മൂന്നാം ക്ലാസ് വിദ്യാർത്ഥി.
ഞങ്ങൾ നീന്തൽ പഠിച്ച് നാല് വർഷത്തിനുള്ളിൽ ഈ നേട്ടത്തിലെത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല.
ഞങ്ങളുടെ പരിശീലകനും പിന്തുണച്ചവർക്കും നന്ദി.
-ഡാനിഷ് അബ്ദി, വൃഷാലി പ്രസാദെ