മുഖ്യമന്ത്രി: മനമറിയാൻ എ.ഐ.സി.സി നിരീക്ഷകർ

Tuesday 05 May 2026 12:05 AM IST

ന്യൂഡൽഹി: ആരാകും കോൺഗ്രസിൽ മുഖ്യമന്ത്രിയെന്ന ആകാംക്ഷ നിലനിൽക്കെ, നിയുക്ത എം.എൽ.എമാരുടെ മനമറിയാൻ എ.ഐ.സി.സി നിരീക്ഷകർ ഇന്ന് കേരളത്തിലെത്തും. സെഞ്ച്വറി സീറ്റ് നേട്ടം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാദ്ധ്യതകൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കും സാദ്ധ്യതയുണ്ട്.

കോൺഗ്രസിലെ നിയുക്ത എം.എൽ.എമാരുമായി ഇന്നും നാളെയുമായിട്ടാകും നിരീക്ഷകരുടെ ചർച്ച. തുടർന്ന് മുസ്ളിം ലീഗ് അടക്കം ഘടകകക്ഷികളുടെ അഭിപ്രായവും തേടും. അവസാനഘട്ട ചർച്ചകൾ ഡൽഹിയിലാകും നടക്കുക. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, മുതിർന്ന നേതാക്കൾ എന്നിവരടക്കം ഏഴിന് ഡൽഹിയിലെത്തും.

എട്ടു മുതൽ കേരളത്തിൽ നിന്നുള്ള എം.പിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാർ എന്നിവരുമായി എ.ഐ.സി.സി നിരീക്ഷകർ ചർച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കും. തുടർന്ന് തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് വിടും. മേയ് പത്തിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കൾക്കൊപ്പം പ്രമുഖനായ ഒരു ദേശീയ നേതാവും എ.ഐ.സി.സി നിരീക്ഷക സംഘത്തിലുണ്ടാകുമെന്നാണ് സൂചന.