മുഖ്യനായി മനമറിയൽ, ആവേശം, സസ്‌പെൻസ് ഇന്ദിരാഭവനിൽ തിങ്ങിനിറഞ്ഞ് നേതാക്കൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് നിയുക്ത എം.എൽ.എമാരുടെ മനമറിയാൻ എ.ഐ.സി.സി നിരീക്ഷകർ എത്തിയ ഇന്ദിരാഭവനിൽ ഉദ്വേഗവും സസ്പെൻസും നിലനിന്നെങ്കിലും ഉത്സവാന്തരീക്ഷമായിരുന്നു എങ്ങും. രാവിലെ പത്തരയ്ക്കാണ് പാർലമെന്ററി പാർട്ടി യോഗവും തുടർന്ന് എം.എൽ.എമാരുമായുള്ള നിരീക്ഷകരുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നത്. എന്നാൽ, വളരെ നേരത്തേതന്നെ നേതാക്കളേയും പ്രവർത്തകരേയും കൊണ്ട് ഇന്ദിരാഭവനും പരിസരവും നിറഞ്ഞു.
എം.എൽ.എമാരേയും നേതാക്കളേയും മധുരം നൽകിയും പൊന്നാടയണിയിച്ചും സ്വീകരിച്ചു. ജെബി മേത്തർ എം.പിയുടെ മേൽനോട്ടത്തിലായിരുന്നു ഇതിനായുള്ള ഒരുക്കങ്ങൾ. പാലോട് രവി, ചെറിയാൻ ഫിലിപ്പ്, എം.എ.വാഹിദ് അടക്കമുള്ളവർ എം.എൽ.എമാരെ സ്വീകരിക്കാനെത്തി.
അതിനിടെ ബിന്ദു കൃഷ്ണയെ സ്വീകരിച്ച ചെറിയാൻ ഫിലിപ്പ് അവരെ ആശ്ലേഷിക്കാൻ ശ്രമിച്ചെങ്കിലും സ്‌നേഹത്തോടെ ഒഴിഞ്ഞുമാറി. ഈ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
തൃശൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജൻ പല്ലനാണ് ആദ്യം എത്തിയത്. 10ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പിന്നാലെ മറ്റ് എം.എൽ.എമാരും എത്തി. 'ആരാവും സി.എം' എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഹൈക്കമാൻഡ് തീരുമാനിക്കും എന്ന മറുപടിയാണ് നേതാക്കൾ നൽകിയത്. 10.30ന് വി.ഡി.സതീശനും 10.40ന് രമേശ് ചെന്നിത്തലയും എത്തിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. പത്തരയ്ക്കാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും നിരീക്ഷകരായ അജയ്‌മാക്കനും മുകുൾ വാസ്നിക്കും എത്തിയപ്പോൾ പതിനൊന്ന് മണിയായി. തുടർന്ന് പാർലമെന്ററി പാർട്ടി യോഗം. ഉച്ചകഴിഞ്ഞാണ് എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ച അവസാനിച്ചത്.
തുടർന്ന് നിരീക്ഷകർ അവർക്കായി താമസമൊരുക്കിയിരുന്ന സ്വകാര്യ ഹോട്ടലിലേക്ക് പോയി. അവിടെയായിരുന്നു നാല് മണിയോടെ ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ച.
ആറോടെ അവസാനിച്ചു. ശേഷം നിരീക്ഷകർ ഡൽഹിക്ക് മടങ്ങി.
ആദ്യം കണ്ടത്
ചാണ്ടി ഉമ്മനെ
എ.ഐ.സി.സി നിരീക്ഷകർ ഇന്നലെ ആദ്യം കൂടിക്കാഴ്ച നടത്തിയത് ചാണ്ടി ഉമ്മനുമായി. തന്റെ മണ്ഡലത്തിലെ പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന്റെ അവസാന ദിവസമായതിനാൽ അതിൽ പങ്കെടുക്കാൻ തന്നെ നേരത്തെ വിടണമെന്ന ചാണ്ടി ഉമ്മന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ഇത്. വടക്കൻ ജില്ലാ ക്രമത്തിലാണ് എം.എൽ.എമാരെ വിളിച്ചതെങ്കിലും മുതിർന്ന നേതാക്കളായ കെ.മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്ണനും ഇതിനിടെ സമയം അനുവദിച്ചു. ചില എം.പിമാരുമായും മുതിർന്ന നേതാക്കളുമായും നിരീക്ഷകർ കൂടിക്കാഴ്ച നടത്തി.
ഹൈക്കമാൻഡിനെ
ചുമതലപ്പെടുത്തി
മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എ.ഐ.സി.സി നേതൃത്വത്തെ ചുമതലപ്പെടുത്തിയുള്ള പ്രമേയം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പാസാക്കി. 10 മിനിട്ട് മാത്രം നീണ്ട യോഗത്തിലായിരുന്നു ഒറ്റവരി പ്രമേയം പാസാക്കിയത്.