പെൺകുട്ടിയെ പീഡിപ്പിച്ച 66കാരന് 51 വർഷം കഠിനതടവ്

Saturday 09 May 2026 12:00 AM IST

തലശ്ശേരി: ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്‌ള്യു.സി) സംരക്ഷണയിലായിരുന്ന പെൺകുട്ടിയെ ഫോസ്റ്റർ കെയർ പദവി ദുരുപയോഗം ചെയ്ത് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിനതടവും 1,19,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാങ്ങാട്ടിടം കണ്ടംകുന്ന് ചെമ്മനപ്പറമ്പിൽ സി.ജി.ശശികുമാറിനെയാണ് (66) തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷിച്ചത്. രണ്ട് പോക്‌സോ കേസുകളിലായി വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.

രണ്ടാം പ്രതിയും ശശികുമാറിന്റെ ഭാര്യയുമായ പി.ആർ.രത്നകുമാരിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 2016ലാണ് 14കാരിയെ പ്രതികൾ ഫോസ്റ്റർ കെയർ പ്രകാരം ദത്തെടുത്തത്. സ്വന്തം വീട്ടിൽ താമസിപ്പിച്ച് കഠിനമായ വീട്ടുജോലികൾ ചെയ്യിപ്പിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. 2016 സെപ്തംബർ 10ന് ഭാര്യ വീട്ടിലില്ലാത്ത സമയത്ത് ഒന്നാംപ്രതി പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. മൂന്ന് ദിവസത്തോളം പീഡനം തുടർന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

പെൺകുട്ടി ഗർഭിണിയായതോടെ ഗർഭച്ഛിദ്രത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വിശ്രമം പോലും നൽകാതെ കഠിനമായ ജോലികൾ ചെയ്യിപ്പിക്കുകയും വയറ്റിൽ വെട്ടുകല്ല് കയറ്റിവച്ച് രക്തസ്രാവമുണ്ടാക്കി ഗർഭം അലസിപ്പിച്ചു. തെളിവ് നശിപ്പിക്കാനായി ആശുപത്രി രേഖകളും മരുന്നിന്റെ കുറിപ്പടികളും നശിപ്പിച്ചു. 2018ൽ പെൺകുട്ടിയുടെ സഹോദരിയെയും വീട്ടിലെത്തിച്ച് ഉപദ്രവിക്കാൻ പ്രതി ശ്രമിച്ചു. കൗൺസലിംഗിലാണ് കുട്ടികൾ തങ്ങൾ നേരിട്ട ക്രൂരതകൾ വെളിപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം.ഭാസുരി ഹാജരായി.