'കർമം വഴി തെറ്റില്ല': വിനോദിനി കോടിയേരി
കണ്ണൂർ: 'കർമം വൈകിയെത്തും, പക്ഷേ ഒരിക്കലും വഴിതെറ്റില്ല' പരോക്ഷ സൂചനകളുള്ള വാട്സ്ആപ്പ് സ്റ്റാറ്റസുമായി സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി രംഗത്ത്. സി.പി.എം വിമതനായ നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദൻ കുടുംബസമേതം കോടിയേരിയുടെ വീട്ടിലെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായ സാഹചര്യത്തിലാണ് കുറിപ്പ്. 'കർമം ഒരിക്കലും മറക്കില്ല; നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷം കൃത്യമായി കണക്കു തീർക്കും' എന്നാണ് വിനോദിനി കുറിക്കുന്നത്. ആരെയും ഒഴിവാക്കാറില്ലെന്നും, തന്റെ സാന്നിദ്ധ്യത്തിന് വില നൽകാതെ വരുമ്പോൾ സ്വയം ഒഴിഞ്ഞുമാറുകയാണ് പതിവെന്നും അവർ വ്യക്തമാക്കുന്നു. കുറിപ്പ് ഏറെ ചർച്ചയായ പശ്ചാത്തലത്തിൽ, ആരെ ഉദ്ദേശിച്ചാണ് ഇത് എഴുതിയതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് 'നിങ്ങളോട് ഒന്നും പറയാനില്ല' എന്നായിരുന്നു വിനോദിനിയുടെ മറുപടി. 'ഞാൻ സ്വതന്ത്ര തലച്ചോറ് ഉള്ളയാളാണ്, ആരുടെയും പോസ്റ്റും കമന്റും കാണാറില്ല',
അവർ കൂട്ടിച്ചേർത്തു.
ചില തിരിച്ചറിവുകളാണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്നവർക്ക് ഒറ്റപ്പെട്ട് പോയവരുടെ അവസ്ഥ അറിയാൻ കഴിയില്ല. അവരുടെ മനസ്സ്, അവരുടെ ചിന്ത, അവരുടെ ഹൃദയം ഒക്കെയും വല്ലാത്തൊരു സാഹചര്യത്തിലൂടെ കടന്നു പോകും. അവരോടൊപ്പം ഇരിക്കാൻ അവർക്ക് കൂട്ടാകാൻ ആരും ശ്രമിക്കില്ല. സത്യസന്ധരായിരിക്കുക, പക്ഷേ വിഡ്ഢിയാകരുത്. അധ്വാനിക്കുക, പക്ഷേ ആരോഗ്യം കളയരുത്. തുറന്നു സംസാരിക്കുക, പക്ഷേ പരിധി വിടരുത്. സ്‌നേഹിക്കുക, പക്ഷേ വ്യക്തിത്വമോ ഇഷ്ടങ്ങളോ ലക്ഷ്യങ്ങളോ ബലി കഴിക്കരുത്. .