വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു,​ 5പേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ

Monday 11 May 2026 1:48 AM IST

പൂച്ചാക്കൽ: മുൻവൈരാഗ്യത്തിന്റെ പേരിൽ വയോധികനെ സമീപവാസികളും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൂച്ചാക്കൽ പൊലീസ് കേസെടുത്തു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ തൃച്ചാറ്റുകുളം കുഴിപ്പറമ്പ് നികർത്തിൽ വിജയൻ (64) ആണ് മർദ്ദനത്തിനിരയായത്. തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദ്ദനമേറ്റു. മർദ്ദനദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കഴിഞ്ഞ ഏഴിന് രാത്രി നടന്നസംഭവം പുറത്തറിഞ്ഞത്. ഇതോടെയാണ്​ അയൽവാസിയായ സത്താർ ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്തത്. വിജയനെ വീട്ടുമുറ്റത്തുനിന്ന് വലിച്ചിഴച്ച് പ്രതികളുടെ വീട്ടുമുറ്റത്തെത്തിച്ച് ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട ശേഷമാണ് കൂട്ടമായി മർദിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ വിജയൻ ചികിത്സയിലാണ്. മുൻപ് വിജയനെ ആക്രമിച്ച കേസിന്റെ വിരോധമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ,​ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവർ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.