
തിരുവനന്തപുരം: വരും മണിക്കൂറുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്‌ക്ക് സാദ്ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യത. ഇന്നുമുതൽ 14 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കാം.
മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഉത്തര കർണാടക മുതൽ മന്നാർ ഉൾക്കടൽ വരെ ന്യൂന മർദ്ദ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കേരളത്തിന്റെ കാലാവസ്ഥയിൽ പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്‌ദ്ധർ വ്യക്തമാക്കുന്നു.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. അതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. മെയ് 10, 12, 13, 14 തീയതികളിൽ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഒഫ് മന്നാർ, കന്യാകുമാരി, ബംഗാൾ ഉൾക്കടൽ മേഖലകളിലും മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഉടനടി തിരിച്ചെത്തണമെന്നും നിർദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |