റേഷനില്ല, ഇ - പോസ് പണി മുടക്കിലാണ് ദുരിതത്തിന് അറുതിയില്ലേ ?

Sunday 10 May 2026 12:18 AM IST

രാവിലെ തന്നെ റേഷൻ കടകൾക്ക് മുൻപിൽ ആളുകൾ എത്തും.വാങ്ങിക്കൊണ്ടുപോകേണ്ട അരിയുടേയും ആട്ടയുടേയും കണക്ക് മനസ്സിൽ കൂട്ടിയും കുറച്ചും അങ്ങനെ തങ്ങളുടെ ഊഴവും കാത്ത് നിൽക്കും. എന്നാൽ മണിക്കൂറുകൾ നിന്നാലും ഒടുവിൽ കടയുടെ അകത്തുനിന്ന് കേൾക്കുന്നത് ഒരേയൊരു മറുപടിയാണ് “മെഷീൻ വർക്ക് ചെയ്യുന്നില്ല…" റേഷൻ ഇന്നില്ലെന്ന്.

കേരളത്തിൽ ഇ-പോസ് മെഷീനുകൾ പണിമുടക്കുന്നതും റേഷൻ വിതരണം തടസപ്പെടുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. സാങ്കേതിക വിദ്യ മനുഷ്യജീവിതം എളുപ്പമാക്കാനാണ് വരേണ്ടത്. എന്നാൽ ഇന്ന് പൊതുവിതരണ സംവിധാനം നോക്കുമ്പോൾ, ഒരു മെഷീൻ പ്രവർത്തിക്കാത്തതിന്റെ പേരിൽ ആയിരക്കണക്കിന് ആളുകളുടെ ഭക്ഷ്യസുരക്ഷ തന്നെ അനിശ്ചിതത്വത്തിലാകുന്ന അവസ്ഥയാണ് . ഭക്ഷണം പോലൊരു അടിസ്ഥാന അവകാശം പോലും ഒരു സെർവറിന്റെ പ്രവർത്തനക്ഷമതയെ ആശ്രയിച്ചിരിക്കുകയാണ് എന്നത് എത്ര വലിയ വൈരുദ്ധ്യമാണ്. റേഷൻ കടകൾ ഇന്നും കേരളത്തിലെ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമാണ്. ദിവസവേതനം കിട്ടിയില്ലെങ്കിൽ അടുപ്പു പുകയാത്ത കുടുംബങ്ങളുണ്ട്. ചെറിയ പെൻഷനിൽ കഴിയുന്ന വയോധികർ, മാസാവസാനം കടം വാങ്ങി ജീവിക്കുന്നവർ, ഇവർക്കെല്ലാം റേഷൻ കട വെറും സർക്കാർ സംവിധാനം മാത്രമല്ല, ജീവിതത്തിന്റെആശ്വാസമാണ്. കഴിഞ്ഞ ദിവസവും കോഴിക്കോടിന്റെ പല ഭാഗങ്ങളിലും ഇ-പോസ് മെഷിൻ പണിമുടക്കിയതോടെ റേഷൻ വിതരണം മുടങ്ങി. ഇതോടെ റേഷൻ വ്യാപാരികൾക്കും അംഗീകരിച്ച സെയിൽസ്മാൻമാർക്കും റേഷൻ ലഭിച്ചില്ല. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പോസ് ) സ്കാനറിൽ ഓതന്റിഫിക്കേഷൻ പരാജയപ്പെട്ടതോടെയാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. ഭൂരിഭാഗം വ്യാപാരികളും റേഷൻ കടയുടെ പാസ് കോഡ് നമ്പർ ഉപയോഗിച്ചു തുറന്നെങ്കിലും റേഷൻ നൽകാനാവാത്തതിനാൽ ഉപഭോക്താക്കൾക്ക് റേഷൻ ലഭിക്കാതെ നിരാശയോടെ മടങ്ങിപോകേണ്ട അവസ്ഥയായിരുന്നു.

ഇതാദ്യമായല്ല ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മുമ്പും പലതവണ റേഷൻ വിതരണം ദിവസങ്ങളോളം മുടങ്ങിയിട്ടുണ്ട്. ഓരോ തവണയും കാരണം മാറും. ചിലപ്പോൾ സെർവർ ഡൗൺ, ചിലപ്പോൾ നെറ്റ്‌വർക്ക് പ്രശ്നം, ചിലപ്പോൾ ഇ-പോസ് തകരാർ. എന്നാൽ മാറാത്തത് ജനങ്ങളുടെ കാത്തിരിപ്പും നിരാശയും മാത്രമാണ്. അതിലേറെ ദൗർഭാഗ്യകരം, ഇത്രയും സംഭവങ്ങൾ ആവർത്തിച്ചിട്ടും ഇപ്പോഴും ഒരു ബദൽ സംവിധാനം പോലും ഒരുക്കാൻ കഴിയാത്തതാണ്. ഡിജിറ്റൽ സംവിധാനങ്ങൾ ആവശ്യമാണ്. സുതാര്യതയ്ക്കും കൃത്യതയ്ക്കും അത് സഹായകരവുമാണ്. പക്ഷേ ഒരു സംവിധാനം പൂർണമായി സാങ്കേതിക വിദ്യയെ ആശ്രയിക്കുമ്പോൾ, അത് നിലച്ചാൽ ഉപയോഗിക്കാവുന്ന വഴികളും ഉണ്ടാകേണ്ടത് അനിവാര്യമാണ്. വൈദ്യുതി പോയാൽ ജനറേറ്റർ ഉണ്ടാകുന്നതുപോലെ, സെർവർ നിലച്ചാൽ ഓഫ്‌ലൈൻ സംവിധാനവും ഉണ്ടാകേണ്ടതല്ലേ? എന്നാലിവിടെ ഒന്ന് പോയാൽ മറ്റൊന്നില്ലാത്തത് ഖേദകരമാണ്.

സമ്മർദ്ദത്തിൽ റേഷൻ വ്യാപാരികൾ

ഇ - പോസ് മെഷീന്റെ താളപ്പിഴ മൂലം റേഷൻ വിതരണം വെെകുന്നതും വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണ്. പലകുറി പറഞ്ഞിട്ടും പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണ്ടെത്താനായിട്ടില്ല. പ്രശ്നത്തിന്റെ മുഴുവൻ സമ്മർദ്ദവും ഏറ്റുവാങ്ങേണ്ടിവരുന്നത് പലപ്പോഴും റേഷൻ വ്യാപാരികളാണ്. ചില സ്ഥലങ്ങളിൽ തർക്കങ്ങളും കയ്യാങ്കളികളും വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രശ്നത്തിന് പരിഹാരം കാണേണ്ട അധികാരികൾ പലപ്പോഴും “സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു” എന്ന പതിവ് മറുപടിയിൽ ഒതുങ്ങുന്നു. പരാതി പറഞ്ഞാൽ താത്കാലികമായി പ്രശ്നം പരിഹരിക്കുമെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനകം വീണ്ടും പ്രവർത്തനരഹിതമാകുന്ന അവസ്ഥയാണ്. വിഷയവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ വാക്കു തർക്കമുണ്ടാകുന്നതും പതിവാണ്. എ.എ.വൈ കാർഡുകാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, എൻ.എഫ്.എസ്.എ പദ്ധതികൾ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങുമ്പോൾ ഇ പോസിൽ വിരലടയാളം പ്രത്യേകം രേഖപ്പെടുത്തണം. എന്നാൽ വിരലടയാളം പതിയാത്തതും കണക്ടിവിറ്റി നഷ്ടമാകുന്നതും കാർഡുടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.