SignIn
Kerala Kaumudi Online
Sunday, 10 May 2026 5.05 AM IST

അറിവിന്റെ വാൾമൂർച്ച

Increase Font Size Decrease Font Size Print Page
w

Prison itself is a tremendous education in the need for patience and perseverence. It is above all a test of one's commitment.

- Nelson Mandela

പേരറിവാളൻ എന്ന തമിഴ് പേരിന് അറിവ് നേടിയവൻ, ജ്ഞാനി എന്ന് അർത്ഥം. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മായാത്ത, വേദനയോടെയും ഞെട്ടലോടെയും മാത്രം ആരും ഓർക്കുന്ന സംഭവം-രാജീവ്ഗാന്ധി വധം. ആ കേസിൽ 31 വർഷം തടവിൽ കഴിഞ്ഞയാളുടെ പേരാണ് പേരറിവാളൻ. പേരിന്റെ അർത്ഥം ജീവിതം തന്നെയാകുന്നത് അപൂർവം. ജയിൽ ജീവിതത്തിന്റെ ഇരുണ്ട കാലത്തുനിന്ന് സ്വയം അറിവിന്റെ തെളിച്ചമായവൻ, പേരറിവാളൻ. കേസും വിചാരണയുമായി കോടതികൾ കയറിയിറങ്ങിയ ആ മനുഷ്യൻ, കാലങ്ങൾക്കിപ്പുറം വീണ്ടും കോടതി കയറുകയാണ്- പ്രതിയായല്ല; അഭിഭാഷകനായി. കോടതിയിൽ നിന്ന് കോടതിയിലേക്കുള്ള ഒരു അസാധാരണ യാത്ര!

1991 മേയ് 21. തമിഴ്നാട്ടിലെ ശ്രീപെരുംപതൂർ. രാത്രി പത്തുമണി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാജീവ് ഗാന്ധി എത്തുന്നു. അന്ന് പ്രധാനമന്ത്രി അല്ലായിരുന്നുവെങ്കിലും,​ പല ഭീകര സംഘടനകളിൽ നിന്നും അദ്ദേഹം വധഭീഷണി നേരിടുന്ന സമയം. പ്രദേശത്ത് അതീവ സുരക്ഷ. അദ്ദേഹത്തെ കാണാനായി ആളുകളുടെ ഒഴുക്ക്.

സമയം 10.20. തനു എന്നൊരു യുവതി അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിക്കാനായി അടുക്കലേക്ക് എത്തുന്നു. അവരെ രാജീവ് ഗാന്ധി സ്നേഹത്തോടെ അരികിലേക്കു വിളിക്കുന്നു. ഒരു പൊട്ടിത്തെറി. അതിൽ എല്ലാം അവസാനിച്ചു. രാജീവിനൊപ്പം ചിന്നിച്ചിതറിയത് 15 പേർ. അതിലൊരാൾ ഫോട്ടോഗ്രാഫർ ഹരി ബാബു. ആ പൊട്ടിത്തെറിയിൽ ചിതറിപ്പോകാതിരുന്നയാളുടെ ക്യാമറയാണ്,​ പിന്നീട് അന്വഷണത്തിന് വഴികാട്ടിയായത്. സ്ഫോടനത്തിനു പിന്നിൽ ആരെന്നുള്ളത് ആ ലെൻസുകൾ ഒപ്പിയെടുത്തിരുന്നു. അരയിൽ ബോംബ് ബെൽറ്റ് കെട്ടി വന്ന തനുവിനെയും തമിഴ്പുലി ശിവരശനെയും പൊലീസ് തിരിച്ചറിഞ്ഞു.

വിചാരണ,

ശിക്ഷ

മൂന്നുമാസത്തെ അന്വേഷണത്തിനൊടുവിൽ രാജീവ്ഗാന്ധി വധം എൽ.ടി.ടി.ഇയുടെ ഏറെ നാളത്തെ ആസൂത്രണമാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി)​ കണ്ടെത്തി. 26 പേർ അറസ്റ്റ് ചെയ്യപ്പെട്ടു. 1994 ജനുവരിയിൽ തുടങ്ങിയ വിചാരണ 1997 നവംബറിലാണ് അവസാനിക്കുന്നത്. 26 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. 1999-ൽ നളിനി, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ മാത്രം വധശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുന്നു.

രാജീവ്ഗാന്ധിയുടെ ഭാര്യ സോണിയാ ഗാന്ധിയുടെ അപേക്ഷ കൂടി പരിഗണിച്ച് നളിനിയുടെ ദയാഹർജി രാഷ്ട്രപതി അംഗീകരിക്കുകയും ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു. 2011- ൽ മുരുകൻ, ശാന്തൻ പേരളറിവാളൻ എന്നിവരുടെ ദയാഹർജി തള്ളുന്നു. അതേ വർഷം ആഗസ്റ്റിൽ മദ്രാസ് ഹൈക്കോടതി വധശിക്ഷ നടപ്പിലാക്കുന്നത് തടയുന്നു. 2014-ൽ അവർ മൂവരുടെയും വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. ഇത്രയും വസ്തുതകൾ നിലനിൽക്കെ,​ പ്രതികളിൽ ഒരാളായ പേരറിവാളന്റെ കാര്യത്തിൽ മറ്റൊരു വശമുണ്ട്.

എല്ലാം മാറ്റിമറിച്ച

ബാറ്ററികൾ

വെല്ലൂർ ജില്ലയിലെ ജോലാർപേട്ടിൽ കുയിൽദാസൻ എന്ന ജ്ഞാനശേഖരന്റെയും അർപ്പുതം അമ്മാളുടെയും മകനാണ് പേരറിവാളൻ. പെരിയാർ ഇ.വി. രാമസ്വാമിയുടെ അനുഭാവികളായിരുന്നു ജ്ഞാനശേഖരനും അർപ്പുതവും. 1991 ജൂൺ 11. ചെന്നൈയിലെ പെരിയാർ തിഡലിൽ വച്ച് പേരറിവാളനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. 20 വയസു തികയാൻ ദിവസങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്ന പേരറിവാളൻ അന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി നില്ക്കുകയാണ്.

രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട് പേരറിവാളന്റെ പേരിൽ ചുമത്തപ്പെട്ട കുറ്റം: രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളിയായി. പൊട്ടിത്തെറിച്ച ബോംബിൽ ഉപയോഗിച്ച രണ്ട് ബാറ്ററികൾ കൊലയാളികൾക്കു വേണ്ടി വാങ്ങിക്കൊണ്ടുവന്നത് പേരറിവാളൻ! പയ്യൻ എൽ.ടി.ടി.ഇ അനുഭാവിയാണെന്ന് സി.ബി.ഐ തറപ്പിച്ചുപറഞ്ഞു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും എൽ.ടി.ടി.ഇ നേതാവുമായ ശിവരശന്റെ കൈയിലേക്കാണ് ഈ ബാറ്ററികൾ പേരറിവാളൻ കൊണ്ടുക്കൊടുത്തത്. സി.ബി.ഐയുടെ കുറ്റപത്രത്തിൽ,​ എൽ.ടി.ടി.ഇയുമായി ബന്ധപ്പെട്ട ലേഖനങ്ങളും പുസ്തകങ്ങളും മറ്റും തമിഴ്നാട്ടിൽ പ്രചരിപ്പിച്ചതും വിറ്റതും പേരറിവാളനാണെന്ന് പറഞ്ഞിരുന്നു.

ബോംബ് നിർമ്മാണത്തിൽ പങ്ക്,​ ശ്രീലങ്കയിലെത്തി വേലുപ്പിള്ള പ്രഭാകരനെ കണ്ടു,​ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിനു മുമ്പ് ശിവരശന് വ്യാജ മേൽവിലാസത്തിൽ ബൈക്ക് എടുത്തുകൊടുത്തു, ചെന്നൈയിൽ മുൻ പ്രധാനമന്ത്രി വി.പി സിംഗ് പങ്കെടുത്ത പരിപാടിയിൽ എൽ.ടി.ടി.ഇ പ്രവർത്തകർക്കൊപ്പം പങ്കെടുത്തു,​ അത് രാജീവ് ഗാന്ധി വധത്തിന്റെ മുന്നൊരുക്കമായിരുന്നു.... ഇങ്ങനെ പേരറിവാളന് എതിരെ കുറ്റങ്ങളുടെ കൂമ്പാരമായിരുന്നു,​ സി.ബി.ഐയുടെ കുറ്റപത്രത്തിൽ. എന്നാൽ,​ 1998-ലെ ജെയ്ൻ കമ്മിഷൻ എൻക്വയറിയിൽ സി.ബി.ഐ അന്വേഷണത്തിലെ അപൂർണതകളും അവ്യക്തതയും ചൂണ്ടിക്കാണിച്ചിരുന്നു. ബോംബ് നിർമ്മിച്ചതിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാൽ പേരറിവാളന് പങ്കുണ്ടെന്ന വാദത്തിൽ സംശയങ്ങളുണ്ടാവുകയും ചെയ്തു.

ഒരമ്മയുടെ

പോരാട്ടം

ആ ആമ്മയുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ കണ്ണീരുപോലും വേദനിച്ചു പിന്മാറി നിന്നു. മകൻ നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അർപ്പുതം അമ്മാൾ പേരറിവാളിന്റെ വധശിക്ഷ ഒഴിവാക്കിക്കിട്ടാൻ മുട്ടാത്ത വാതിലുകളില്ല. കയറിയിറങ്ങാത്ത ഓഫീസുകളില്ല. സഹായം ചോദിക്കാത്ത നേതാക്കളില്ല. ഒന്നും എവിടെയുമെത്തിയില്ല. എന്നിട്ടും ആ അമ്മ ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെയൊരിക്കൽ നീതി തേടി അവർ കേരളത്തിലുമെത്തി.

അർപ്പുതം അമ്മാൾ സുപ്രീംകോടതി മുൻ ജഡ്ജി,​ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത് വഴിത്തിരിവായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'പീപ്പിൾസ് മൂവ്‌മെന്റ് എഗെൻസ്റ്റ് ഡെത്ത് പെനാൽറ്റി' എന്ന സംഘടനയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഡോക്യുമെന്ററി,​ രാജീവ്ഗാന്ധി വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചില അസ്വാഭാവികതകൾ വെളിപ്പെടുത്തി. ഒരൊറ്റ മൊഴിയിൽ കേസ് ആകെ മാറിമറിഞ്ഞു!

ആ ഡോക്യുമെന്ററിയിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സി.ബി.ഐ സൂപ്രണ്ടായിരുന്ന ത്യാഗരാജന്റെ കുറ്റസമ്മതം ഇങ്ങനെയായിരുന്നു- 'പേരറിവാളന്റെ മൊഴി രേഖപ്പെടുത്താനുള്ള ചുമതല എനിക്കായിരുന്നു. എന്നാൽ പേരറിവാളൻ പറഞ്ഞ മുഴുവൻ കാര്യങ്ങളും രേഖപ്പെടുത്തിയില്ല. ബാറ്ററി വാങ്ങി നൽകിയിട്ടുണ്ടെങ്കിലും അത് എന്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പേരറിവാളൻ പറഞ്ഞത് കുറ്റസമ്മതത്തിൽ രേഖപ്പെടുത്തിയില്ല. പ്രതിയുടെ മൊഴി അതുപോലെതന്നെ രേഖപ്പെടുത്തണമെന്നാണ് നിയമമെങ്കിലും അത് പലപ്പോഴും പ്രായോഗികമായി നടക്കാറില്ല."

ഈ മൊഴി പല സംശയങ്ങൾക്കും വഴിവച്ചു. പേരറിവാളൻ നിരപരാധിയാണെന്ന വാദത്തിന് അത് ശക്തി നൽകി. 2017-ൽ ഇക്കാര്യം വ്യക്തമാക്കി ത്യാഗരാജൻ സുപ്രീംകോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു. അതിൽ ഇങ്ങനെ പറഞ്ഞു: 'മനസാക്ഷിക്കു മുന്നിൽ കുറ്റക്കാരനാകാതിരിക്കാനാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്."

മോചനത്തിന്റെ

വാതിൽ

2022 മാർച്ച് 15-ന് സുപ്രീംകോടതി പേരറിവാളന് ജാമ്യം നൽകി. 30 വർഷത്തെ ജയിൽവാസവും ദയാഹർജി പരിഗണിക്കുന്നതിലെ കാലതാമസവും പരിഗണിച്ച് 2022 മേയ് 18-ന് പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദമനുസരിച്ച് സുപ്രീംകോടതി അതിന്റെ സവിശേഷാധികാരം ഉപയോഗിക്കുകയായിരുന്നു. മോചനം പല രാഷ്ട്രീയ കോളിളക്കങ്ങൾക്കും കാരണമായി. പുറത്തിറങ്ങിയ പേരറിവാളനോട് അന്ന് ഒരു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചു: 'എന്താണ് രാജീവ് ഗാന്ധിയുടെ കുടുംബത്തോടും ആ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെ കുടുംബത്തോടും പറയാനുള്ളത്?​' പേരറിവാളന്റെ മറുപടി: 'അവർ മാത്രമല്ല,​ ഞാനും ഈ സംഭവത്തിന്റെ ഇരയാണ്!"

അറിവിന്റെ

വാൾമൂർച്ച

രാജീവ്ഗാന്ധി വധവും അതുമായി ബന്ധപ്പെട്ട അന്വേഷണവും വിചാരണയും ശിക്ഷയും മോചനവും വിവാദങ്ങളും നിലനിൽക്കെത്തന്നെ കാരാഗൃഹത്തിൽ പേരറിവാളൻ തന്റെ പേര് അന്വർത്ഥമാക്കിയ കഥയും അസാധാരണമാണ്. രാജീവ്ഗാന്ധി വധക്കേസിൽ അറസ്റ്റിലാകുമ്പോൾ പേരറിവാളന് പ്രായം 19. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹം 31 വർഷം തടവറയെ ഏറ്റവും വലിയ പാഠപുസ്തകമാക്കുകയായിരുന്നു. 2012-ൽ പ്ലസ് ടു പരീക്ഷയിൽ തടവുകാർക്കിടയിൽ എക്കാലത്തെയും ഉയർന്ന വിജയ ശതമാനമായ 91.33 ശതമാനം മാർക്ക് നേടി.

2013- ൽ തമിഴ്നാട് ഓപ്പൺ യൂണിവേഴ്സിറ്റി നടത്തിയ ഡിപ്ലോമാ കോഴ്സ് പരീക്ഷയിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദം. 2022-ൽ ജയിൽ മോചിതനായ പേരറിവാളൻ 2025-ൽ ബംഗളൂരു ഡോ. ബി.ആർ. അംബേദ്കർ ലാ കോളേജിൽ നിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. അതേവർഷം തന്നെ ബാർ പരീക്ഷയും വിജയിച്ചു.

കഴിഞ്ഞ ഏപ്രിൽ 27-ന് തമിഴ്നാട്- പുതുച്ചേരി ബാർ കൗൺസിലിൽ നടന്ന ചടങ്ങിൽ അഭിഭാഷകനായി എൻറോൾ ചെയ്ത 54-കാരനായ പേരറിവാളൻ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങുകയാണ്. തന്റെ അനുഭവങ്ങളും ഏറ്റ മുറിവുകളുമാണ് നിയമം പഠിക്കാൻ പ്രേരിപ്പിച്ചതെന്ന് പേരറിവാളൻ പറയുന്നു. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ ജീവിതത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കി. ക്രിമിനൽ അഭിഭാഷകനാവുകയല്ല ലക്ഷ്യമെന്നും,​ നീതി നിഷേധിക്കപ്പെടുന്നവർക്കായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പേരറിവാളൻ പറഞ്ഞു.

എതിർപ്പുകൾ

തുടരുന്നു

പേരറിവാളൻ അഭിഭാഷകനായതിനുപിന്നാലെ വിവിധ ഇടങ്ങളിൽ നിന്ന് എതിർശബ്ദങ്ങളുയർന്നു. കോടതികളിൽ പ്രാക്ടീസ് ചെയ്യാൻ പേരറിവാളനെ അനുവദിക്കരുതെന്ന് കോൺഗ്രസ് എം.പി ആർ. സുധ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പേരറിവാളനെപ്പോലുള്ളവർ അഭിഭാഷകക്കുപ്പായമണിയുന്നത് ജുഡിഷ്യറിയുടെ അന്തസിന് കളങ്കമാണെന്നും മദ്രാസ് ഹൈക്കോടതി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അവർ പറഞ്ഞു.

പേരറിവാളന്റെ കഥ ഒരു വ്യക്തിയുടെ നിയമപോരാട്ടത്തിന്റേതു മാത്രമല്ല; രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സങ്കീർണതകളുടെ പ്രതിബിംബവുമാണ്. വിചാരണയുടെ ഭാഗമായി പലതവണ പേരറിവാളൻ കോടതികളിലെത്തിയപ്പോഴും അർപ്പുതം അമ്മാൾ മകനെക്കണ്ട് വിങ്ങിപ്പൊട്ടി. അവർ പരസ്പരം വേദനയോടെ നോക്കിനിന്നു. ഇന്ന് അതേ കോടതി വരാന്തയിൽ അവർ നിൽക്കുകയാണ്; പുതിയ രണ്ട് പുഞ്ചിരികളായി!

എൽ.ടി.ടി.ഇയുടെ

പ്രതികാരം

ശ്രീലങ്കയിലെ തമിഴ് വംശജർക്ക് സ്വതന്ത്ര രാഷ്ട്രമുണ്ടാകണമെന്ന ആവശ്യവുമായി 1976-ൽ വേലുപ്പിള്ള പ്രഭാകരൻ സ്ഥാപിച്ച തീവ്രവാദ സായുധ സംഘടനയാണ് എൽ.ടി.ടി.ഇ എന്ന 'ലിബറേഷൻ ടൈഗേഴ്സ് ഒഫ് തമിഴ് ഈഴം." 1987 ജൂലായ് 29-ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കൻ പ്രസിഡന്റ് ജെ.ആർ ജയവർദ്ധനെയും ചേർന്ന് ഇന്തോ- ശ്രീലങ്കൻ സമാധാന കരാറിൽ ഒപ്പുവയ്ക്കുന്നു. സിംഹളരിൽ നിന്ന് തമിഴ് ജനതയ്ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം സൈനികരുടെ 'ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സി"നെ (ഐ.പി.കെ.എഫ്) ഇന്ത്യ ശ്രീലങ്കയിൽ വിന്യസിക്കുന്നു. എൽ.ടി.ടി.ഇയുമായി ഐ.പി.കെ.എഫ് പ്രശ്നങ്ങൾ തുടങ്ങിയതോടെ ഉടമ്പടിയുടെ ഗതി മാറി. ഇന്ത്യൻ സേന ബലാത്സംഗവും കൊലപാതകങ്ങളും ഉൾപ്പെടെയുള്ള കൊടുംക്രൂരതകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇതോടെ ഐ.പി.കെ.എഫ് തമിഴ് വംശജരുടെ ശത്രുവാകുന്നു. രാഷ്ട്രീയ സമ്മർദ്ദമേറെയുണ്ടായിട്ടും സേനയെ പിൻവലിക്കാൻ തയ്യാറാകാതിരുന്നതോടെ രാജീവ് ഗാന്ധി എൽ.ടി.ടി.ഇയുടെ ശത്രുവും ഉന്നവുമായി മാറി.

പിന്നീട് അധികാരത്തിൽ വന്ന വി.പി സിംഗ് സർക്കാർ സൈന്യത്തെ പിൻവലിച്ചപ്പോഴേക്കും സൈനികരും സാധാരണക്കാരും എൽ.ടി.ടി.ഇ പ്രവർത്തകരും ഉൾപ്പെടെ ആയിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന എൽ.ടി.ടി.ഇയുടെ ആശങ്കയ്ക്കും,​ അതിൽ നിന്ന് പിറന്ന പ്രതികാരപദ്ധതിക്കും രാജ്യം നൽകേണ്ടിവന്ന വിലയാണ് രാജീവ് ഗാന്ധിയുടെ ജീവൻ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.