സുപ്രീംകോടതിയുടെ നല്ല ഓർമ്മപ്പെടുത്തൽ

Sunday 10 May 2026 12:05 AM IST

കുറ്റകൃത്യങ്ങൾക്ക് നീതിദേവതയുടെ കടാക്ഷം പോലെ മാതൃകാപരമായ ശിക്ഷ കോടതികൾ നൽകാറുണ്ട്. വിധി പ്രസ്താവങ്ങൾക്കിടയിൽ സമൂഹത്തിലെ തെറ്റായ ചില പ്രവണതകളേയും തുറന്നുകാട്ടാറുമുണ്ട്. ഗർഭം വേണ്ടെന്ന് വയ്ക്കുന്ന പ്രവണത കൂടിവരികയാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം അതിലൊന്നാണ്. പതിനഞ്ചുകാരിയുടെ മുപ്പതാഴ്ച പ്രായമായ ഗർഭം നീക്കം ചെയ്യാനുള്ള ഉത്തരവ് നടപ്പാക്കിയെന്ന് ഡൽഹി എയിംസ് അറിയിച്ചപ്പോഴാണ് സുപ്രീംകോടതി ഈ പ്രതികരണം നടത്തിയത്. നാലാഴ്ച കൂടി കാത്തിരുന്നാൽ പ്രസവിച്ച് ദത്തുകൊടുക്കാവുന്നതേയുള്ളൂവെന്ന് എയിംസ് നിലപാട് എടുത്തതോടെ കുട്ടിയുടെ മാതാവ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരുന്നു. തുടർന്ന് മേയ് നാലിനകം ഉത്തരവ് നടപ്പാക്കണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഗർഭം നീക്കിയതോടെ എയിംസിനെതിരെയുള്ള കോടതിയലക്ഷ്യ നടപടി ഒഴിവാക്കുകയുണ്ടായി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭമാണ് കോടതി കയറിയത്. ഇതോടനുബന്ധിച്ച് പീഡനക്കേസും നിലവിലുണ്ട്. ഇരകളുടെ ഗർഭച്ഛിദ്രത്തിന് സമയപരിധി ബാധകമാകരുതെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ഇരകൾക്ക് നീതികിട്ടണമെന്ന താത്‌പര്യമാണ് നേരത്തേയും അങ്ങനെയൊരു നിർദ്ദേശം നൽകാൻ കോടതിയെ പ്രേരിപ്പിച്ചത്. മകൾ ഗർഭിണിയാണെന്ന് വളരെ വൈകിയാണ് മാതാവ് മനസിലാക്കിയത്. ഗർഭച്ഛിദ്രത്തിന് തീരുമാനമെടുത്തുവന്നപ്പോഴേക്കും ഗർഭം ഏഴുമാസമായിരുന്നു. ഇരകളുടെ 24 ആഴ്ച വരെയുള്ള ഗർഭം നീക്കാൻ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. ഇതു നിയമത്തിലെ പോരായ്മയാണെന്നും കോടതി പറഞ്ഞു. ഈ പ്രസ്താവങ്ങൾക്കിടെയാണ് സമൂഹത്തിൽ വളർന്നുവരുന്ന ഒരു തെറ്റായ പ്രവണതയെപ്പറ്റി സൂചിപ്പിച്ചതും.

നമ്മുടെ വനിതാ സംഘടനകളും സമുദായ സംഘടനകളും ശ്രദ്ധിക്കേണ്ട ഒരു വിഷയമാണിത്. ശ്രദ്ധിച്ചില്ലെങ്കിൽ മല പോലെ വളർന്ന് സമൂഹത്തിനു തന്നെ ഭീഷണിയാകും. അതു മുൻകൂട്ടിക്കണ്ടാണ് സുപ്രീംകോടതിയുടെ ഈ ഓർമ്മപ്പെടുത്തൽ. ഈ പ്രവണത ഇപ്പോൾ ശൈശവ ദശയിലാണ്. അത് വളർന്ന് കരുത്താർജ്ജിച്ചാൽ സമൂഹത്തിന്റെ നിലനില്പിനുതന്നെ ദോഷം ചെയ്യും. ബന്ധങ്ങളുടെ സന്തുലിതാവസ്ഥ തെറ്റുകയും ചെയ്യും. കുടുംബ ബന്ധങ്ങളിലും സാമൂഹ്യ ബന്ധങ്ങളിലും നിർണായക പങ്ക് എക്കാലത്തും സ്‌‌ത്രീകൾക്കാണ്. ഗൃഹനാഥനാണ് സാമ്പത്തിക കാര്യങ്ങളുടെ ചുക്കാൻ പിടിച്ചിരുന്നതെങ്കിലും ഐശ്വര്യവും പ്രകാശവും പരത്തിയിരുന്നത് അമ്മമാരാണ്. ഗർഭം വേണ്ടെന്ന് വയ്ക്കുമ്പോൾ ആ നല്ല പാരമ്പര്യത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്.

കുടുംബ ബന്ധങ്ങളുടെ ശക്തിയും നന്മയും കുട്ടികൾക്ക് പകർന്നു നൽകണം. ജീവിതശൈലിയിൽ വന്ന അമിതവേഗം ഇത്തരം പകർന്നറിവുകൾക്ക് തടസം നിൽക്കുന്നു. അതിന്റെ ഫലം അനുഭവിക്കുന്നത് പിൽക്കാലത്താണ്. സുപ്രീംകോടതിയുടെ ഓർമ്മപ്പെടുത്തൽ എത്രമാത്രം ശരിയാണെന്ന് ചുറ്റിനും നോക്കിയാൽ അറിയാം. പീഡനം പോലുള്ള പ്രതികൂല സാഹചര്യങ്ങളിലെ ഗർഭം വേണ്ടെന്നുവയ്ക്കുന്നത് മനസിലാക്കാം. എല്ലാ സാഹചര്യങ്ങളുണ്ടായിട്ടും അമ്മയാകാൻ മടിച്ച് ഭൗതിക സുഖങ്ങളിൽ മുഴുകിക്കഴിയുന്ന എത്രയോ വിവാഹിതകളുണ്ട്. അത്യാഡംബരപൂർവം വിവാഹം നടത്തുന്നതിലാണ് പലർക്കും ഭ്രമം. അതിനു ശേഷമുള്ള സന്തോഷപൂർണമായ ദാമ്പത്യത്തിനോ സന്താനസൗഭാഗ്യത്തിനോ പ്രാധാന്യം നൽകുന്നവരുടെ സംഖ്യ കുറഞ്ഞുവരുന്നു എന്നതാണ് യാഥാർത്ഥ്യം.

വിവാഹിതയായ സ്വന്തം മകൾ അമ്മയായി കാണാൻ ആഗ്രഹമുണ്ടെങ്കിലും അതേപ്പറ്റി സംസാരിക്കാൻ മടിക്കുന്ന സ്‌ത്രീകളും കുറവല്ല. വിവാഹം തന്നെ വേണ്ടെന്നും ഗത്യന്തരമില്ലാതെ കല്യാണം കഴിക്കേണ്ടിവന്നാൽ മക്കൾ വേണ്ടെന്നും ചിന്തിക്കുന്ന സ്‌‌ത്രീകളുമുണ്ട്. വിവാഹം, ഗർഭാവസ്ഥ എന്നിവയെപ്പറ്റിയുള്ള ഭയാശങ്കകളാണ് ഇതിൽ പ്രധാന വില്ലൻ. അതു മാറ്റിയെടുക്കാനുള്ള ശ്രമം കുടുംബത്തിലേ തുടങ്ങണം. വിവാഹവും ഗർഭവുമൊക്കെ പുതിയൊരു തലമുറയ്ക്ക് പാതയൊരുക്കലാണ്. ആ കടമ നിർവഹിക്കാനാകുന്നത് ആനന്ദമാണ്, സൗഭാഗ്യവുമാണ്.