വെസ്റ്റ് നൈൽ പനി, ജാഗ്രത വേണം
ആലപ്പുഴ: ജില്ലയിലെ കഞ്ഞിക്കുഴിയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചതോടെ പ്രതിരോധശീലങ്ങൾ ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ദേശാടനപ്പക്ഷികളിൽ കാണാറുള്ള ഫ്ലാവി വിഭാഗത്തിലുള്ള വൈറസ് കൊതുക് കടിയിലൂടെയാണ് പനി മനുഷ്യരിലെത്തുന്നത്. കെട്ടിനിൽക്കുന്ന വെള്ളം, ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പ് പ്രദേശം, പാടങ്ങൾ പുൽച്ചെടികൾ തഴച്ച് വളരുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ കാണാറുള്ള ക്യൂലക്സ് കൊതുകുകളാണ് രോഗവാഹകർ. കൊതുക് കടി ഒഴിവാക്കാനുള്ള പ്രതിരോധശീലങ്ങൾ പാലിക്കുന്നതും വീടുകളിലും പരിസരത്തെയും കൊതുക്, ഉറവിട നശീകരണം തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.
പ്രതിരോധം പ്രധാനം
# രോഗിയിൽ നിന്ന് മറ്റുവ്യക്തികളിലേക്ക് രോഗം പകരില്ല. അതിനാൽ, കൊതുക് കടി ഏൽക്കാതിരിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രതിരോധം
# വയോജനങ്ങൾ രോഗപ്രതിരോധശേഷി കുറഞ്ഞവർ ഗർഭിണികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം
# പനി, ക്ഷീണം മനംപിരട്ടൽ, ഛർദ്ദി, കഴുത്തുതിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ വൈദ്യ സഹായം തേടണം
# പനി, ശരീരവേദന, തലവേദന, വയറിളക്കം, മനംപിരട്ടൽ പോലെയുള്ള ലക്ഷണങ്ങൾ തുടക്കത്തിൽ ഉണ്ടായേക്കാം
# രോഗം ഗുരുതരമായാൽ മസ്തിഷ്കജ്വരം, കാഴ്ച നഷ്ടപ്പെടുക, പക്ഷാഘാതം പോലെയുള്ള ലക്ഷണങ്ങൾക്ക് സാദ്ധ്യതയുണ്ട്