എറണാകുളം തീരത്ത് 2.82 കോടിയുടെ സുരക്ഷാ കവചമൊരുങ്ങും

Saturday 09 May 2026 1:18 AM IST

തീരസംരക്ഷണത്തിന് ജിയോ ബാഗുകൾ

കൊച്ചി: കരിങ്കല്ലിന്റെ ലഭ്യതക്കുറവ് മൂലം കടൽഭിത്തി നിർമ്മാണം പ്രതിസന്ധിയിലായതോടെ, ജില്ലയിലെ തീരദേശത്ത് കാലവർഷത്തെ നേരിടാൻ ജിയോ ബാഗുകൾ ഉപയോഗിച്ച് സംരക്ഷണ കവചമൊരുക്കും. വൈപ്പിൻ മുതൽ ചെല്ലാനം വരെയുള്ള 43 കിലോമീറ്റർ തീരമേഖലയിൽ താത്കാലിക സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിനായി 282.42 ലക്ഷം രൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. മുൻകാലങ്ങളിൽ ആഞ്ഞടിച്ച ഓഖി, ടൗട്ടേ ചുഴലിക്കാറ്റുകളുടെ ആഘാതത്തിൽ ജില്ലയിലെ ഭൂരിഭാഗം കടൽഭിത്തികളും തകർന്ന നിലയിലാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ തിരമാലകൾ അതിശക്തമായി റോഡുകളിലേക്ക് അടിച്ചുകയറുന്നത് ഗതാഗത തടസത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. ഈ സാഹചര്യത്തിൽ, മൺസൂണിന് മുന്നോടിയായി യുദ്ധകാലാടിസ്ഥാനത്തിൽ ജിയോ ബാഗുകൾ സ്ഥാപിക്കണമെന്ന ജില്ലാ കളക്ടറുടെ അടിയന്തര ശുപാർശ പരിഗണിച്ചാണ് നടപടി.

ടെട്രാപോഡുകൾ സ്ഥാപിച്ചു

നിലവിൽ ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് ബീച്ച് വരെ ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പുത്തൻതോട് മുതൽ മനാശേരി ഫിഷിംഗ് ഗ്യാപ്പ് വരെയുള്ള 6.1 കിലോമീറ്ററിൽ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണം പരിഗണനയിലിരിക്കെയാണ് താത്കാലികമായി ജിയോ ബാഗുകൾ സ്ഥാപിക്കുന്നത്. എന്നാൽ തീരമേഖലയിൽ സ്ഥിരമായ കടൽഭിത്തി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരിങ്കല്ല് ലഭിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ജിയോ ബാഗ് എന്ന ബദൽ മാർഗം സ്വീകരിച്ചത്. ആകെ 28 നിർമ്മാണ പ്രവൃത്തികൾക്കാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടൽക്ഷോഭം അതിതീവ്രമാകുന്ന സാഹചര്യത്തിൽ, എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.

പദ്ധതി കാര്യക്ഷമമാക്കും

പദ്ധതിയുടെ പുരോഗതിയും വിനിയോഗവും സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ എൻ.ഡി.എം.ഐ.എസ് പോർട്ടലിൽ രേഖപ്പെടുത്തണം. പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന സ്ട്രക്ചറൽ മിറ്റിഗേഷൻ മെഷേഴ്സ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. സംസ്ഥാന ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു മാത്രമായിരിക്കണം തുക വിനിയോഗിക്കേണ്ടതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

 43 കിലോമീറ്റർ തീരമേഖലയിൽ നിർമ്മാണം

 വൈപ്പിൻ മുതൽ ചെല്ലാനം വരെ ജിയോ ബാഗ്