കാമുകിക്ക് ബിസിനസ് തുടങ്ങാൻ 38 ലക്ഷം രൂപയുടെ സ്വർണം കവർന്ന യുവാവ് പിടിയിൽ

Saturday 09 May 2026 1:19 AM IST

കവർന്നത് ബന്ധുവീട്ടിൽ നിന്ന്

കൊച്ചി: കാമുകിക്ക് വിദേശത്ത് ബിസിനസ് തുടങ്ങാൻ 11 ലക്ഷം രൂപ സമ്മാനിക്കാൻ ബി ടെക്ക് ബിരുദധാരിയായ യുവാവ് ബന്ധുവീട്ടിൽ നിന്ന് കവർന്നത് 38 ലക്ഷം രൂപയുടെ സ്വർണാഭരണം.ഈ തുകയിൽ 4 ലക്ഷം രൂപ പോയത് സുഹൃത്തായ സിനിമാ പ്രൊഡ്യൂസർക്ക്. തൃക്കാക്കര വാഴക്കാലയിലെ അപ്പാർട്ട്മെന്റിൽ മോഷണം നടത്തിയത് കപ്പലിലെ കള്ളനാണെന്ന് കണ്ടെത്തിയപ്പോൾ പുറത്തായത് വിചിത്രമായ അണിയറ കഥകൾ.

* കണികാണാൻ സ്വർണമില്ല

വാഴക്കാല ബി.ബി ആശുപത്രിക്ക് സമീപം താമസിക്കുന്ന ബിസിനസുകാരന്റെ അപ്പാർട്ട്മെന്റിൽ നിന്നാണ് ഭാര്യയുടെയും മകളുടെയും 35.5 പവൻ ആഭരണങ്ങൾ അപ്രത്യക്ഷമായത്. വിഷുത്തലേന്ന് കണിയൊരുക്കുന്നതിനായി കിടപ്പുമുറിയിലെ വാർഡ്രോബ് ഡ്രോയർ തുറന്നപ്പോഴാണ് വളകളും ജിമിക്കി കമ്മലുകളും ഇല്ലെന്ന് അറിയുന്നത്.

* പാട്ടുകാരൻ കള്ളനായപ്പോൾ

തൃക്കാക്കര പൊലീസ് സബ് ഇൻസ്പെക്ടർ വി.ബി അനസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പുറമേ നിന്നുള്ളവരല്ല മോഷ്ടാക്കളെന്ന് പൊലീസ് ഉറപ്പിച്ചു. ബിസിനസുകാരന്റെ ബന്ധുക്കളായ മുതിർന്ന സ്ത്രീകൾ അപ്പാർട്ട്മെന്റിന് സമീപം മറ്റൊരു വീട്ടിലാണ് താമസം. അവിടെ സ്ഥിരം സന്ദർശകനായ ആലപ്പുഴ സ്വദേശിയായ യുവാവ് ഇരുകൂട്ടരുടെയും ബന്ധുവാണ്. യുവാവിന് ബിസിനസുകാരന്റെ വീട്ടിൽ സർവ സ്വാതന്ത്ര്യമുണ്ട്. പാട്ടുകാരനായ ഇയാൾക്ക് ഐ.ടി മേഖലയിലാണ് ജോലി. കുടുംബക്കാർ സംശയിച്ചില്ലെങ്കിലും പൊലീസ് തുടക്കം മുതൽ യുവാവിനെ സംശയിച്ചിരുന്നു. സി.സി ടിവി ക്യാമറയില്ലാത്തത് പൊലീസിന് ബുദ്ധിമുട്ടായി.

* സ്വർണം കട്ടത് ആരപ്പാ...?

യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ അടുത്തിടെ 38 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി. പണം വന്നത് ആലപ്പുഴ അരൂരിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നാണെന്ന് വ്യക്തമായതോടെ സംശയം ബലപ്പെട്ടു. ബാങ്ക് അക്കൗണ്ട് ഇടപാടുകൾ കാട്ടി ചോദ്യം ചെയ്തതോടെ പിടിച്ചു നിൽക്കാൻ സാധിക്കാതെ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.

* അടിച്ച് പൊളിച്ച്... അവസാനം കള്ളം പൊളിഞ്ഞ്

ബിസിനസുകാരനും കുടുംബവും ബംഗളൂരുവിൽ പോകുന്ന തക്കത്തിനാണ് മൂന്ന് തവണയായി സ്വർണമെടുത്തത്. കുറച്ച് ആഭരണങ്ങൾ കടവന്ത്രയിലെ രണ്ട് സ്വകാര്യധനമിടപാട് സ്ഥാപനങ്ങളിൽ പണയപ്പെടുത്തി. ബാക്കിയാണ് അരൂരിലെ ജ്വല്ലറിയിൽ വിറ്റത്. പിന്നീട് പണയം തിരികെയെടുത്ത് ഇതേ ജ്വല്ലറിയിൽ തന്നെ നൽകി. മൊത്തം 38 ലക്ഷം കിട്ടി. കാമുകിക്ക് 11 ലക്ഷം കൈമാറി. കടം വീട്ടാനും പഴയ കാർ 7 ലക്ഷത്തിന് കൈമാറി സെക്കൻഹാൻഡ് വാങ്ങാനും ഉപയോഗിച്ചു. സിനിമയിൽ പാടാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തിന് സിനിമാനിർമ്മാണത്തിന് 4 ലക്ഷം നൽകിയത്. യുവാവ് റിമാൻഡിലാണ്.