അഴീക്കോടിന്റെ വികസന തുടർച്ചയ്ക്ക് സുമേഷ്

Saturday 09 May 2026 12:07 AM IST
കെ.വി .സുമേഷും ഭാര്യ രേണുകയും

കണ്ണൂർ: അവസാന ഘട്ടത്തിൽ ഫലം മാറിമറിഞ്ഞാണ് അഴീക്കോട് സി.പി.എമ്മിനൊപ്പം നിന്നത്. തിരഞ്ഞെടുപ്പിനു മുമ്പ് യു.ഡി.എഫ് വിജയ പ്രതീക്ഷ പുലർത്തിയ മണ്ഡലമായിരുന്നു അഴീക്കോടെങ്കിലും വോട്ടെണ്ണലിന്റെ ഫലം വന്നപ്പോൾ വിജയം സി.പി.എം പക്ഷത്തേക്കായി.

മുഴുവൻ വോട്ടുകളും എണ്ണി പൂർത്തിയായപ്പോൾ യു.ഡി.എഫിലെ കരീം ചേലേരിയായിരുന്നു മുന്നിൽ. എന്നാൽ നേരത്തേ മാറ്റിവച്ച പോസ്റ്റൽ വോട്ടുകളും ഹോം വോട്ടുകളും പാപ്പിനിശ്ശേരി ബൂത്തിലെ വിവി പാറ്റും എണ്ണിയപ്പോഴാണ് കരീം ചേലേരിയെ പിന്തള്ളി കെ.വി സുമേഷ് ജയിച്ചത്. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിലുടനീളം നടത്തിയ വികസന പ്രവർത്തനങ്ങൾ സുമേഷിന് അനുകൂലമായി. വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിയുണ്ടെന്നും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും കെ.വി സുമേഷ് പറഞ്ഞു.

349 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുമേഷിന്റെ ജയം. വോട്ടെണ്ണലിന്റെ ആദ്യ സമയത്തെല്ലാം സുമേഷിന്റെ മുന്നേറ്റമായിരുന്നു. അവസാനഘട്ടത്തിൽ, കോർപറേഷനിലെ വോട്ടെണ്ണാൻ തുടങ്ങിയപ്പോൾ കരീം ചേലേരി അപ്രതീക്ഷിത മുന്നേറ്റം നടത്തി. എങ്കിലും ഒടുവിൽ മണ്ഡലം സുമേഷിനൊപ്പം തന്നെ നിന്നു. 64,951 വോട്ടാണ് സുമേഷിനു ലഭിച്ചത്. ചേലേരിക്ക് 64,602ഉം. ബി.ജെ.പിയിലെ കെ.കെ വിനോദ്കുമാർ 17,476 വോട്ടു നേടി. 1,48,413 പേരാണ് വോട്ട് ചെയ്തത്. 2021ൽ 65,794 വോട്ടു ലഭിച്ചിരുന്ന കെ.വി. സുമേഷിന് 843 വോട്ടിന്റെ കുറവാണ് ഇക്കുറിയുണ്ടായത്. മുസ്ലിം ലീഗിലെ കെ.എം ഷാജിക്ക് 59,653 വോട്ടായിരുന്നു കഴിഞ്ഞതവണ ലഭിച്ചത്. അതാണ് കരീം ചേലേരി 64,602 വോട്ടിലെത്തിച്ചത്.