സെക്രട്ടേറിയറ്റ് വിലക്ക് മറികടന്ന് കണ്ണൂരിൽ വീണ്ടും പി.ജയരാജനു വേണ്ടി ഫ്ലക്സ്

Saturday 09 May 2026 12:06 AM IST
സി.പി.എം

കണ്ണൂർ: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് കണ്ണൂരിൽ വീണ്ടും നേതൃമാറ്റം ആവശ്യപ്പെടുന്ന ഫ്ളക്സുകളും പോസ്റ്ററുകളും ഉയർന്നു. 'ഇവർ നയിക്കട്ടെ, ഇവരാണുത്തമം' എന്ന മുദ്രാവാക്യവുമായി പി. ജയരാജന്റെയും എം. സ്വരാജിന്റെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ബോർഡുകൾ ബ്ലാത്തൂർ, പെരളശ്ശേരി തൃക്കപ്പാലം എന്നിവിടങ്ങളിൽ ഇന്നലെ പ്രത്യക്ഷപ്പെട്ടു. 'പ്രത്യയശാസ്ത്രത്തെ ജീവിതം കൊണ്ട് വരച്ചുകാട്ടിയവർ പാർട്ടിയെ നയിക്കട്ടെ' എന്ന സന്ദേശവും 'ജനങ്ങളിൽ നിന്ന് തുടങ്ങുക, ജനങ്ങളിലേക്ക് മടങ്ങുക' എന്ന ആഹ്വാനവും ഫ്ളക്സുകളിൽ ഇടം നേടി. പാർട്ടിയെ ആശയത്തിനപ്പുറം ആമാശയ മാർഗമാക്കി മാറ്റുന്നവർ നേതൃത്വത്തിലിരിക്കുന്നതാണ് അണികൾ അകലാൻ കാരണമെന്ന് ബ്ലാത്തൂർ സഖാക്കളുടെ പേരിലുള്ള ഫ്ളക്സ് ആരോപിക്കുന്നു. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഫ്ലക്സ് വിവാദത്തിൽ രംഗത്തെത്തി. കേരളത്തിൽ ഇത്തരമൊരു സാഹചര്യം നിലവിലില്ലെന്നും ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ പാർട്ടിയെ സ്‌നേഹിക്കുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പയ്യന്നൂരിലും നേതൃത്വത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. 'പാർട്ടിയെ ഒറ്റിയവർ' എന്ന ആരോപണവുമായി മുൻ എം.എൽ.എ. സി. കൃഷ്ണൻ, ഏരിയ സെക്രട്ടറി പി. സന്തോഷ്, സരിൻ ശശി എന്നിവർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പാർട്ടിയെ സംരക്ഷിക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നു.

ഫ്ളക്സുകൾക്ക് പിന്നിൽ വലതുപക്ഷ മാദ്ധ്യമങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാർട്ടി ശത്രുക്കളാണ്. മുതിർന്ന നേതാക്കളെ രണ്ട് ചേരിയിലാക്കുന്ന ഈ നീക്കം പാർട്ടി അതീവ ഗൗരവത്തോടെ കാണുന്നു.

കെ.കെ. രാഗേഷ് സി.പി.എം. ജില്ലാ സെക്രട്ടറി